അഗ്രി -ഡയറി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
മൂർക്കനാട് ആരംഭിക്കുന്ന മിൽമ മിൽക്ക് പൗഡർ ഫാക്ടറിയുടേയും മലപ്പുറം ഡയറിയുടേയും ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അഗ്രി -ഡയറി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മിൽമ മിൽക്ക് പൗഡർ ഫാക്ടറി കേരളത്തിന് അഭിമാനവും രാജ്യത്തിന് മുതൽക്കൂട്ടുമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ചയുടെ പടവുകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. നാടൻ പശുക്കളുടെ പ്രദർശനവും ഭക്ഷ്യമേളയു ഉദ്ഘാടനം നിർവ്വഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
പരമ്പരാഗത കൃഷി രീതികൾ, കാർഷിക ഉപകരണങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെക്കുറിച്ച് പുതു തലമുറയ്ക്ക് അറിവുപകരുന്നതാണ് അഗ്രി ഡെയറി ഫെസ്റ്റ്. നാടൻ പശുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, കലാ സന്ധ്യ എന്നിവയും അഗ്രി ഡെയറി ഫെസ്റ്റിന്റെ ഭാഗമാണ്. മിൽമയും സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ് ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 115 തരം കാർഷിക ഉപകരണങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുളകൊണ്ടും കയർകൊണ്ടും നിർമ്മിക്കുന്ന പരമ്പരാഗത ഉത്പ്പന്നങ്ങളുടെ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, വസ്ത്രം നെയ്യൽ, നൂൽനൂൽപ്പ്, മൺകല നിർമ്മാണം എന്നിവയെല്ലാം മേളയിൽ കാണാം.
നാടൻ പശു ഇനങ്ങളായ വെച്ചൂർ, കാസർകോട് കുള്ളൻ, താർപാർക്കർ, ഗിർ, കാൻക്രെജ് എന്നിവയുടെ പ്രദർശനം കാണികൾക്ക് പുത്തൻ അനുഭവമാകുന്നു. അഗ്രി ഫെസ്റ്റിന്റെ ഭാഗമായ ഭക്ഷ്യമേള കേരളത്തിന്റെ തനത് വിഭവങ്ങൾ ഒരുക്കിയുള്ളതാണ്. കേരളത്തിന്റെ തനത് ഭക്ഷ്യ ഇനങ്ങളുടെ രുചി ഏവരിലേക്കും എത്തിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. പച്ചില മരുന്നുകൾ ചേർത്തുള്ള ഭക്ഷ്യ ഉല്പന്നങ്ങളും കപ്പയുടെ വിവിധ രുചി ഭേദങ്ങളും മേളയിൽ ലഭ്യമാണ്.