Angamaly-Erumeli Sabari railway to become a reality

കാൽ നൂറ്റാണ്ടിലധികമായി കേരളം കാത്തിരിക്കുന്ന അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത യാഥാർഥ്യത്തിലേക്ക് എത്തുന്നത് ഏറെ സന്തോഷം നൽകുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിൽ ഈ വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ 100 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. ഈ ആവശ്യം ഉന്നയിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ശബരി, തിരുനാവായ- ഗുരുവായൂർ പാതകൾക്കായി കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് നിരവധി തവണ കത്ത് നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിയെ നേരിൽ കണ്ടും ഈ ആവശ്യം ഉന്നയിച്ചിരുന്നു. തിരുനാവായ- ഗുരുവായൂർ റെയിൽപ്പാതയ്ക്ക് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ശബരിപാതയുടെ നിർമ്മാണ ചെലവിന്റെ പകുതി സംസ്ഥാനമാണ് ഏറ്റെടുത്തിട്ടുള്ളത്. കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ- റെയിൽ) 116 കിലോ മീറ്റർ വരുന്ന പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. 3745 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുമുണ്ട്.
ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കു പുറമെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ പുരോഗതിയ്ക്കും പ്രതീക്ഷ പകരുന്നതാണ് അങ്കമാലി- ശബരി പദ്ധതി. ഈ പാതയുടെ പ്രവൃത്തി സജീവമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ പരിശ്രമം നടത്തും.