Healthy Kids project to mold a healthy new generation

പൊതു വിദ്യാലയങ്ങളിലെ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികളുടെ കായിക പരിപോഷണത്തിനും കായിക സാക്ഷരത ഉറപ്പുവരുത്തുന്നതിനുമായി കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്.സി.ഇ.ആർ.ടി. വികസിപ്പിച്ച പഠന പദ്ധതിയാണ് ഹെൽത്തി കിഡ്സ്. കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും പദ്ധതി സഹായിക്കും. കാലഘട്ടത്തിനനുസരിച്ച് കായികരംഗത്ത് പുതിയ തലമുറയെ വളർത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനം പ്രൈമറിതലത്തിൽ സ്പോർട്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്‌.

വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച പദ്ധതി കഴിഞ്ഞ 2 വർഷമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ലോവർ പ്രൈമറി തലത്തിലേക്കും വ്യാപിപ്പിച്ചത്.

സ്വയം നിയന്ത്രിതമായി ജീവിത സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തി ലഭിക്കുന്നതിനൊപ്പം, സഹകരണത്തിൽ അധിഷ്ഠിതമായ സ്വഭാവ സവിശേഷത കൈവരിച്ചുകൊണ്ട് ഉത്തമ പൗരൻമാരായി വളരാനുള്ള ഊർജം പദ്ധതി പ്രധാനം ചെയ്യുന്നു. പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് കായികവകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനവും ആവശ്യമായ കായിക ഉപകരണങ്ങളും ലഭ്യമാക്കിയാണ് സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. പ്രൈമറി വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള കായികവിദ്യാഭ്യാസ പീരീഡുകകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കായികക്ഷമതയും ആരോഗ്യവും പരിപോഷിക്കുന്നതിന് കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ കായികപ്രവർത്തനങ്ങളും വ്യായാമശീലങ്ങളും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയാണ് അധ്യാപകർക്കുള്ള റിസോഴ്‌സ് ബുക്കുകൾ തയാറാക്കിയത്. ഒന്നും രണ്ടും ക്ലാസിലെ അധ്യാപകർക്കും മൂന്നും നാലും ക്ലാസുകളിലെ അധ്യാപകർക്കുമായി പ്രത്യേകം പുസ്തകങ്ങളാണ് തയാറാക്കിയിട്ടുള്ളത്. അക്കാദമിക പ്രവർത്തനത്തിനൊപ്പം കായികക്ഷമതയും മെച്ചപ്പെടുത്തി ജീവിതം ആസ്വാദ്യകരമാക്കാൻ ഹെൽത്തി കിഡ്‌സ് കുട്ടികളെ പ്രാപ്തരാക്കും. അടിസ്ഥാന കായിക വിദ്യാഭ്യാസം ഗ്രാമ-നഗര വിത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുകയും അതിലൂടെ ശക്തമായ ഒരു കായിക സംസ്‌കാരം രൂപപ്പെടുകയും ചെയ്യും.

പ്രീ പ്രൈമറി, ലോവർ പ്രൈമറി സ്‌കൂളുകളിലെ എല്ലാ വിഭാഗം കുട്ടികളുടെയും കായികക്ഷമത മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം ഉയർത്തുന്നതിനും സ്പോർട്സ് മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വൈജ്ഞാനിക , സഹവൈജ്ഞാനിക മേഖലയിൽ വിമുഖത കാണിക്കുന്ന കുട്ടികളുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ് സുഗമമായ പഠന സാഹചര്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും പദ്ധതി സഹായകമാകും.