E-Sports Hub : Works have started

ഇ-സ്‌പോർട്‌സ് ഹബ്ബ് : പ്രവൃത്തികൾ ആരംഭിച്ചു

കേരളസർക്കാരിന്റെ കായികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ ഇ-സ്‌പോർട്‌സ് ഹബ്ബുകൾ തുടങ്ങാനുള്ള പ്രവൃത്തികൾ സംസ്ഥാനമൊട്ടാകെ ആരംഭിച്ചു. ജനുവരിയിൽ തിരുവനന്തപുരത്തു വെച്ച് നടന്ന അന്തർ ദേശീയ കായിക ഉച്ചകോടിയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കമ്പനികൾ മുന്നോട്ടു വന്നിരുന്നു. യൂണിവേഴ്സിറ്റികൾ, പഞ്ചായത്തുകൾ, അസോസിയേഷനുകൾ തുടങ്ങി സംസ്ഥാനമൊട്ടാകെ വലിയ രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന കായികവകുപ്പ് തയ്യാറാവുന്നത്. ഇതിനോടനുബന്ധിച്ച് കായികവകുപ്പ് ഡയറക്ടറേറ്റ് ആവശ്യമായ നിർദ്ദേശങ്ങൾ തയ്യാറാക്കി.

‘എല്ലാവർക്കും കായികം, എല്ലാവർക്കും ആരോഗ്യം’ എന്ന ലക്ഷ്യം പൂർത്തീകരിക്കുവാനായി ഏറ്റവും താഴെത്തട്ടിൽ പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിൽ വരെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കായികവിനോദമാണ് ഇ-സ്‌പോർട്‌സ്. കൂടുതൽ പേരെ കായിക വിനോദങ്ങളിലേക്ക് ആകർഷിക്കാൻ ഇ-പോർട്‌സിന് സാധിക്കും. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ എം.എൽ.എമാർക്കും ഇ-സ്‌പോർട്സിൽ ഒരു ആമുഖ പരിപാടി സംസ്ഥാന കായികവകുപ്പ് നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ചു.