The construction of a residential complex for fishermen was inaugurated at Unniyal

ഫിഷറീസ് വകുപ്പിൽ നിന്നും 30 സെന്റ് വസ്തു ലഭ്യമാക്കി അതിൽ കെട്ടിട സമുച്ചയം നിർമിച്ച് 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാൻ കഴിയുന്ന നാല് കെട്ടിട സമുച്ചയങ്ങളാണ് തുറമുഖ എഞ്ചിനീയറിങ് വകുപ്പ് മുഖേന പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി ഉണ്ണിയാലിൽ നിർമിക്കുന്നത്. 540 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. ഓരോ യൂണിറ്റിലും രണ്ട് കിടപ്പ് മുറി, ഒരു ഹാൾ, അടുക്കള, ശൗചാലയം എന്നീ സൗകര്യങ്ങൾ ഉണ്ടാകും. 16 ഫ്ളാറ്റുകളുടെ നിർമാണത്തിന് 199 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പുനരധിവാസത്തിനായി സർക്കാർ 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ളിടത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളേയും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ 21219 കുടുംബങ്ങൾ ഇത്തരത്തിൽ തീരദേശത്ത് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 8675 കുടുംബങ്ങൾ സുരക്ഷിത മേഖലയിലേയ്ക്ക് മാറിതാമസിക്കുവാൻ സന്നദ്ധത അറിയിച്ചു.

ഇവർക്ക് സ്വന്തം നിലയിൽ രണ്ട് മുതൽ മൂന്ന് സെന്റ് വരെ ഭൂമി വാങ്ങി ഭവനം നിർമിക്കുവാനും ഭൂമിയും വീടും ഒരുമിച്ച് വാങ്ങുവാനും ഗ്രൂപ്പുകളായി ഭൂമി കണ്ടെത്തി ഫ്ളാറ്റ് നിർമിക്കുവാനും സഹായം നൽകും. ഒരു കുടുംബത്തിന് ഇതിനായി പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം. ഫിഷറീസ് വകുപ്പിന്റെ മേൽ നോട്ടത്തിൽ സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമി ഏറ്റെടുത്തും ഫ്ളാറ്റുകൾ നിർമിച്ച് പുനരധിവസിപ്പിച്ചു വരുന്നു. ഫ്ളാറ്റുകളിലേയ്ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാകലക്ടർ ചെയർമാനും ജനപ്രതിനിധികൾ അംഗങ്ങളുമായ സുതാര്യ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

മാറിതാമസിക്കുന്നതിന് സമ്മതം അറിയിച്ചിട്ടുള്ള 8675 പേരിൽ 3568 പേർ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തുകയും 2913 പേർ ഭൂമി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് ഭവന നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 1682 ഗുണഭോക്താക്കൾ ഭവനം പൂർത്തീകരിച്ചിട്ടുമുണ്ട്. മലപ്പുറം ജില്ലയിൽ 1806 കുടുംബങ്ങളാണ് 50 മീറ്റർ പരിധിയിൽ അധിവസിക്കുന്നത്. മാറിതാമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ള 1175 കുടുംബങ്ങളിൽ 396 പേർ ഭൂമി കണ്ടെത്തുകയും 262 പേർ ഭൂമി രജിസ്റ്റർ ചെയ്യുകയും 134 പേർ സുരക്ഷിത മേഖലയിലേയ്ക്ക് മാറി താമസിക്കുകയും ചെയ്തിട്ടുണ്ട്. 128 കുടുംബങ്ങളെ പൊന്നാനിയിൽ ഫ്‌ളാറ്റുകൾ നിർമിച്ചും പുനരധിവസിപ്പിച്ചിട്ടുണ്ട്.

പുനർഗേഹം പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ കാരോട് 128 ഉം, ബീമാപള്ളിയിൽ 20 ഉം, മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ 128 ഉം കൊല്ലം ജില്ലയിൽ ക്യൂഎസ്എസ് കോളനിയിൽ 114 ഉം ഫ്ളാറ്റുകൾ ഉൾപ്പെടെ 390 ഫ്ളാറ്റുകൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. പുനർഗേഹം പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 228 ഫ്ളാറ്റുകളുടെ നിർമാണം പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കാരോട് (24), വലിയതുറ (192), മലപ്പുറം ജില്ലയിലെ പൊന്നാനി (100), ഉണ്ണിയാൽ (16), കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹിൽ (80), കാസർഗോഡ് ജില്ലയിലെ കോയിപ്പാടി (144) എന്നിവിടങ്ങളിലായി 556 ഫ്ളാറ്റുകൾ നിർമിക്കുന്നതിന് സർക്കാർ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറയിലും വേളിയിലുമായി 10 ഏക്കർ ഭൂമി ലഭ്യമാക്കി 700 ഓളം ഫ്ളാറ്റുകളുടെ നിർമാണാനുമതിക്കുള്ള നടപടിയും പുരോഗമിക്കുന്നു.