കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം. കളിക്കളങ്ങൾ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ആധുനിക നിലവാരത്തിലുള്ള കളിക്കളങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പ്രാപ്യമായ രീതിയിൽ ലഭ്യമാക്കും. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത്, ₹ ഒരു കോടി ചെലവിലാണ് ഓരോ കളിക്കളങ്ങൾക്കുമുള്ള ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം.എൽ.എ. ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആർ., പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുക കണ്ടെത്തും.
കായികക്ഷമതാ മിഷൻ, തദ്ദേശ സ്ഥാപനതല സ്‌പോട്‌സ് കൗൺസിൽ, 5 ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി, വിവിധ ജില്ലകളിലായി 15 ഫിറ്റ്‌നസ് സെന്ററുകൾ എന്നിവയെല്ലാം ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഈ രംഗത്തെ സുപ്രധാന ചുവടാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി.
ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തിൽ ആവശ്യമെന്ന് കണ്ടെത്തി അത്തരം കോർട്ടുകൾ തയാറാക്കും. ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കോർട്ടുകൾ ഇത്തരത്തിൽ നിർമിക്കും. ഇതിനൊപ്പം നടപ്പാത, ഓപ്പൺ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താൻ സഹായകമായ കേന്ദ്രം കേന്ദ്രം കൂടിയാകും കളിക്കളം പദ്ധതി.
സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് (എസ്‌കെഎഫ്) നിർമാണ ചുമതല.
കളിക്കളത്തിലെ പരിപാലനം ഉറപ്പാക്കുന്നതിനായി നടത്തിപ്പിനും അറ്റകുറ്റപ്പണിയ്ക്കും പ്രാദേശികതലത്തിൽ മാനേജിങ്ങ് കമ്മിറ്റി രൂപികരിക്കും. കൂടാതെ ക്ലബുകൾക്കും സ്വകാര്യ അക്കാദമികൾക്കും വാടകയ്ക്ക് നൽകുകയും കളിക്കളത്തിന്റെ പരിപാലന ചെലവ് കണ്ടെത്തുകയും ചെയ്യും.