Kallikad is the first playground under the 'One Panchayat One Playground' project

‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിലെ ആദ്യ കളിക്കളം കള്ളിക്കാട്

സംസ്ഥനത്തെ കായിക മേഖലയുടെ സമഗ്ര വികസനം ജനകീയവൽക്കരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിലെ ആദ്യ കളിക്കളം തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തിൽ പ്രവർത്തനസജ്ജമായി. പ്രദേശത്തെ എല്ലാ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ കായിക-ഫിറ്റ്നസ് കേന്ദ്രമായി നിർമ്മിച്ചിരിക്കുന്ന കളിക്കളത്തിൽ മൾട്ടിപർപ്പസ് കോർട്ടും ആധുനിക സംവിധാനങ്ങളുമുണ്ട്. ഒരു കോടി രൂപ നിർമ്മാണ ചെലവിൽ പഞ്ചായത്ത് ഭൂമിയിലാണ് കളിക്കളം ഒരുക്കിയത്.

ജനങ്ങൾക്ക് കായിക പ്രവർത്തനങ്ങൾക്കും ശാരീരിക ക്ഷമതാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളിൽ 3 വർഷത്തിനകം കളിക്കളം പദ്ധതി പ്രകാരം ഒരുക്കും. ആദ്യ ഘട്ടത്തിൽ 124 പഞ്ചായത്തുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. നാല് കേന്ദ്രങ്ങളിൽ നിർമ്മാണം നടക്കുന്നു.പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്തിൽ ഒരു കായിക ഇനമെങ്കിലും പരിശീലിപ്പിക്കുകയും പഞ്ചായത്തിൽ ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ആവശ്യമെന്ന് കണ്ടെത്തി ആ കായികയിനത്തിന് പ്രാധാന്യം നൽകും.ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ തുടങ്ങിയ കോർട്ടുകൾക്കാണ് മുൻഗണന. ഇതിനൊപ്പം നടപ്പാത, ഓപ്പൺ ജിം, ടോയ്ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരിക്കും.

സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളിൽ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്‌കെഎഫ്) ആണ് നിർമ്മാണ ചുമതല.നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കളിക്കളം സ്ഥല ഉടമയ്ക്ക് കൈമാറും. തുടർന്നുള്ള നടത്തിപ്പും അറ്റകുറ്റപ്പണിയും പ്രാദേശികതല മാനേജിങ്ങ് കമ്മിറ്റിയ്ക്കാണ്.