Fiscal manipulation: Suspension of 4 Spots Council employees

സ്‌പോട്‌സ് ഹോസ്റ്റലിലെ കുട്ടികൾക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ജില്ലാ സ്‌പോട്‌സ് കൗൺസിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജില്ലാ സ്‌പോട്‌സ് കൗൺസിൽ മുൻ സെക്രട്ടറിഅമൽജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രൻ നായർ എസ്, യു ഡി ക്ലർക്ക് നിതിൻ റോയ്, ഓഫീസ് അറ്റൻഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് മാറ്റിനിർത്തിയത്. സമഗ്രമായ അന്വേഷണത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

കഴിഞ്ഞ മാസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്‌പോട്‌സ് കൗൺസിലിൽ പരിശോധന നടന്നത്. സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറി (ഫിനാൻസ്) യും 05.01.2023 ന് പരിശോധന നടത്തി. മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബില്ലുകളിൽ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ സാധനം വാങ്ങിയതായി നിരവധി ബില്ലുകൾ ഉണ്ടാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ബില്ലുകളാണ് സംസ്ഥാന സ്‌പോട്‌സ് കൗൺസിലിൽ സമർപ്പിച്ചിരുന്നത്.
ഓഫീസ് അറ്റൻഡന്റായ ഉമേഷാണ് ബില്ലുകൾ എഴുതി ഉണ്ടാക്കിയിരുന്നതെന്ന് കൈയക്ഷരം പരിശോധിച്ചതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ ബില്ലുകൾ ക്ലർക്ക് നിതിൻ റോയും ജില്ലാ സ്‌പോട്‌സ് കൗൺസിൽ സെക്രട്ടറിമാരും പരിശോധിക്കാതെ അംഗീകരിക്കുകയുമായിരുന്നു.

രണ്ട് മാസം മുമ്പ് അമൽജിത്തിനെ പത്തനംതിട്ടയ്ക്ക് സ്ഥലം മാറ്റിയിരുന്നു. പത്തനംതിട്ടയിൽ നിന്ന് രാജേന്ദ്രനെ കൊല്ലത്തും നിയോഗിച്ചു. രണ്ടുപേരുടെയും കാലയളവുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്.
കൊല്ലം ജില്ലാ സ്‌പോട്‌സ് ഹോസ്റ്റലിൽ 110 കുട്ടികളുണ്ട്. ഒരു കുട്ടിയ്ക്ക് പ്രതിദിനം 250 രൂപയാണ് ഭക്ഷണ ചെലവിനായി നൽകുന്നത്. 150 രൂപയുടെ ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നാണ് കുട്ടികളിൽ നിന്ന് മനസ്സിലാക്കുന്നത്. കൊല്ലം ജില്ലാ സ്‌പോട്‌സ് അക്കാദമിയിലെ ഗേൾസ് ഹോസ്റ്റലിലെ താൽക്കാലിക വാർഡനെ പിരിച്ചുവിടുകയും ചെയ്തു. ഹോസ്റ്റൽ നടത്തിപ്പിലെ കടുത്ത അനാസ്ഥയെ തുടർന്നാണ് നടപടി. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പോലും തട്ടിപ്പു കാണിച്ചവർക്ക് അർഹമായ ശിക്ഷ നൽകാൻ നടപടി സ്വീകരിക്കും.