കേരളത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്നെത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന് ജനുവരി 15 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാകും. 2022 സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 ഗ്രീൻഫീൽഡിൽ വിജയകരമായി നടന്നിരുന്നു. ഇതുവരെ ഇന്ത്യയുടെ അഞ്ചോളം മത്സരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. നിറഞ്ഞ ഗാലറിയ്ക്കു മുന്നിൽ സമാധാനപരമായി നടന്ന മത്സരങ്ങളാണ് ഗ്രീൻഫീൽഡിനെ പ്രമുഖ അന്താരാഷ്ട്ര വേദിയായി ഉയർത്തിയത്.
ഈ സാഹചര്യത്തിലും സ്‌റ്റേഡിയത്തിന്റെ പരിപാലനവും മറ്റും നല്ലനിലയിൽ നിർവഹിക്കപ്പെടാത്തത് വലിയ ആശങ്കയാണ്. മത്സരം നടക്കുന്ന അവസരത്തിൽ നികുതി ഇനത്തിലും മറ്റും വലിയ ഇളവുകൾ സംഘാടകർക്ക് ലഭിക്കുന്നുണ്ട്. ഓരോ മത്സരത്തിൽ നിന്നും മുഖ്യ സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും പ്രദേശിക സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷനും കോടിക്കണക്കിനു രൂപ വരുമാനമായി ലഭിക്കും.ഇതിൽ നിന്ന് ന്യായമായ തുക സ്‌റ്റേഡിയത്തിന്റെ പരിപാലനത്തിനും മറ്റുമായി ചെലവഴിക്കപ്പെടുന്നില്ല. ഡി ബി ഒ ടി (ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ) രീതിയിൽ നിർമ്മിച്ച സ്‌റ്റേഡിയമാണിത്. 2027 വരെയാണ് കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡിന്
(കെ എസ് ആന്റ് എഫ് എൽ) സ്‌റ്റേഡിയത്തിനുമേൽ അവകാശമുള്ളത്. അവർ സ്‌റ്റേഡിയം പരിപാലിക്കുന്നതിൽ കനത്ത വീഴ്ചയാണ് വരുത്തുന്നത്.
ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നതിന് തൊട്ടുമുമ്പ് സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട്,സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണെന്ന തരത്തിൽ വാർത്തകൾ നൽകാനും, ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കാനും വലിയ ശ്രമം നടക്കും. അതുവഴി സർക്കാരിനെ സമ്മർദ്ദത്തിലാക്കി തൽക്കാലം കാര്യങ്ങൾ നടത്തിയെടുക്കുന്നതാണ് പൊതുവെ സ്വീകരിക്കപ്പെടുന്ന തന്ത്രം.
കഴിഞ്ഞതവണയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മത്സരം മുടങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ ഗ്രീൻഫീൽഡുമായി ബന്ധപ്പെട്ട് മുഴുവൻ കുടിശ്ശികകളും തീർക്കാനുള്ള തുക സർക്കാർ അനുവദിച്ചു. വൈദ്യുതി, വെള്ളം, കോർപ്പറേഷനുള്ള പ്രോപ്പർട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കെ എസ് ആന്റ് എഫ് എൽ വരുത്തിയ കുടിശ്ശിക അടയ്ക്കാൻ മാത്രം ഉപയോഗിക്കുന്നതിനാണ് 6 കോടി രൂപ അനുവദിച്ചത്. പ്രോപ്പർട്ടി ടാക്‌സ് 2.04 കോടി, വൈദ്യുതി ചാർജ്ജ് കുടിശ്ശിക 2.96 കോടി, വെള്ളക്കരം 64.86 ലക്ഷം, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിനുള്ള 5.36 ലക്ഷം എന്നിങ്ങനെ കുടിശ്ശിക വരുത്തിയിരുന്നു.
ഗ്രീൻഫീൽഡിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകാറുണ്ട്. മത്സരം നല്ല നിലയിൽ നടത്താൻ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുമുണ്ട്. പൊലീസ്, കെ എസ് ഇബി, ഗതാഗതം തുടങ്ങിയ സേവനങ്ങളും അനുവദിക്കുന്നു. എന്നാൽ, മത്സര വരുമാനത്തിൽ നിന്ന് നാടിന് പ്രയോജനപ്പെടുന്ന തരത്തിൽ ഒരു തുകയും വിനിയോഗിക്കപ്പെടുന്നില്ല.
കളിക്കളങ്ങളുടെ പരിപാലനം ഏറെ ചെലവേറിയ കാര്യമാണ്. നിലവിൽ സംസ്ഥാനത്ത് ഒരുക്കുന്ന കളിക്കളങ്ങളിൽ കൃത്യമായ വാടക ഈടാക്കിയാണ് പരിപാലനം നിർവഹിക്കുന്നത്. കായിക വകുപ്പിന് കീഴിലുള്ള സ്‌പോട്‌സ് കേരള ഫൗണ്ടേഷന്റെ രൂപീകരണ ലക്ഷ്യം തന്നെ കളിക്കളങ്ങളുടെ കാര്യക്ഷമമായ പരിപാലനമാണ്. ഈ സാഹചര്യത്തിൽ കളിക്കളങ്ങൾ സ്വയംപര്യാപ്തമാകേണ്ടത് ആവശ്യമാണ്. പുതിയ കായികനയത്തിൽ ഇക്കാര്യത്തിന് കാര്യമായ ഊന്നൽ നൽകുന്നുണ്ട്.
നിലവിൽ സംസ്ഥാനത്തു നടക്കുന്ന അംഗീകൃത ദേശീയ, അന്തർദ്ദേശീയ മത്സരങ്ങൾക്ക് വലിയ തുകയാണ് ചെലവാകുന്നത്. ഇത്തരം ചാമ്പ്യൻഷിപ്പുകൾക്ക് പണം കണ്ടെത്താൻ സർക്കാർ പിന്തുണ ആവശ്യമാണ്. സംസ്ഥാനത്തിന് പുറത്തു നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കായികതാരങ്ങൾക്ക് വലിയ തുക ആവശ്യമാണ്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കായികതാരങ്ങൾക്ക് ധനസഹായം, ഇവർക്ക് സൗജന്യ പരിശീലനത്തിന് അവസരം, പരിക്കേൽക്കുന്ന താരങ്ങൾക്ക് ചികിത്സാസഹായം, അവശ കായികതാരങ്ങൾക്ക് സഹായം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് തുക കണ്ടെത്തേണ്ടതുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നല്ല പങ്ക് അതത് നാടിന്റെ കായികവികസനത്തിന് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ബന്ധപ്പെട്ട സംഘാടകർ അതിനു തയ്യാറാകണം. അവർക്ക് നൽകുന്ന കോർപ്പറേഷൻ ടാക്‌സ് ഉൾപ്പെടെയുള്ള ഇളവുകൾക്ക് അനുസരിച്ച് കേരളത്തിന്റെ കായികലോകത്തിന് വേണ്ട കാര്യങ്ങൾ പകരം നൽകാൻ തയ്യാറാകണം. അല്ലാത്തപക്ഷം ഈ ഇളവുകൾ കൊള്ളലാഭത്തിനുള്ള വഴി മാത്രമായി മാറും. ഇളവുകൾ അനുവദിക്കാതിരിക്കുന്ന പക്ഷം ഈ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാരിനും കായികരംഗത്തെ ചെലവുകൾക്ക് വിനിയോഗിക്കാൻ കഴിയും. പൊതുജനങ്ങഃൾക്ക് പ്രയോജനപ്പെടേണ്ട പണമാണിത്. അത് അവർക്കു വേണ്ടി തന്നെ വിനിയോഗിക്കപ്പെടണം.