Training of Netherlands coaches for Kerala coaches

കേരളം  – നെതർലാൻഡ് കോച്ചുകളുടെ പരിശീലനം

കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് സ്‌കൂളിൽ ആരംഭിച്ചു. കേരളത്തിലെ 21 ഫുട്‌ബോൾ പരിശീലകരും 17 ഹോക്കി പരിശീലകരും ഉൾപ്പെടെ 38 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നെതർലാന്റ്‌സിലെ ഫുട്‌ബോൾ, ഹോക്കി മേഖലകളിലെ പേരുകേട്ട എട്ട് പരിശീലകരാണ് പരിശീലനം നൽകുന്നത്. റോയൽ നെതർലൻഡ്‌സ് ഫുട്‌ബോൾ അസോസിയേഷൻ, ബോവ്‌ലാന്റർ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

സംയുക്ത പരിശീലന പദ്ധതിയുടെ ധാരണാപത്രം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും നെതർലൻഡ്‌സിനു വേണ്ടി ഡെപ്യൂട്ടി കോൺസൽ ജനറൽ ഹെയിൻ ലാഗ്വീനും കൈമാറി.

ഫുട്‌ബോളിലും ഹോക്കിയിലും മാത്രമല്ല ജലവിഭവ മാനേജ്‌മെന്റ്, നൈപുണ്യ പരിശീലനം, ചരിത്ര ഗവേഷണം തുടങ്ങിയ മേഖലകളിലും സംസ്ഥാനം നെതർലാൻഡ്‌സുമായി സഹകരിച്ചു വരികയാണ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലന പദ്ധതിയിലൂടെ കേരളത്തിലെ പരിശീലകർക്ക് പുതിയ രീതികൾ സ്വായത്തമാക്കാൻ സാധിക്കും. ഫുട്‌ബോളിൽ എക്കാലവും കൂടുതൽ താത്പ്പര്യം പ്രകടിപ്പിച്ചിരുന്ന മലയാളി യുവത്വം ഇപ്പോൾ ഹോക്കിക്കും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

കേരളവും നെതർലാന്റ്‌സും തമ്മിലുള്ള കോച്ചുകളുടെ പരിശീലന പദ്ധതി ഒരു നാഴികക്കല്ല് ആണ്. കായികരംഗത്ത് ഏറ്റവും പ്രധാനപ്പെട്ടത് കോച്ചുകൾക്ക് വേണ്ടത്ര പരിശീലനം നൽകുക എന്നതാണ്. അതാണ് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്.

നിലവില്‍ ഒരാഴ്ചത്തെ പരിശീലനപദ്ധതിയാണ് നടക്കുന്നത്. ഭാവിയിൽ നെതർലാന്റ്‌സുമായി വിവിധ രംഗങ്ങളിൽ സഹകരിക്കും. വളരെ വർഷങ്ങൾക്കു മുൻപേ ആലോചിച്ച സ്‌പോർട്‌സ് കോച്ചുകളുടെ സംയുക്ത പരിശീലന പദ്ധതി കോവിഡ് കാരണം നീണ്ടുപോവുകയായിരുന്നു.

എട്ട് പേരടങ്ങിയ ഡച്ച് പരിശീലകരിൽ അഞ്ച് പേർ ഫുട്‌ബോളും മൂന്ന് പേർ ഹോക്കി പരിശീലകരുമാണ്. ഇതിൽ മുൻ സോക്കർ ദേശീയതാരവും ബാഴ്‌സലോണ, അജാക്‌സ് ഫുട്‌ബോൾ ക്ലബ്ബുകളുടെ പ്രധാന താരവുമായിരുന്ന ജോഹൻ നീസ്‌കെൻസും ഉൾപ്പെടും.