ഖൊ-ഖൊ ലോകകപ്പ് നേട്ടം: നിഖിലിന് 2 ലക്ഷം അനുവദിച്ചു
ഖൊ-ഖൊ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായ നിഖില്‍ ബിയ്ക്ക് കായികവികസന നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പാരിതോഷികം അനുവദിച്ചു. 2025 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന പ്രഥമ ഖൊ-ഖൊ ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് നിഖില്‍.
തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് പനയ്‌ക്കോട് കുര്യാത്തി സ്വദേശിയാണ്. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇരുപത്തിനാലുകാരന്‍ ദേശീയ കുപ്പായമിട്ടിരുന്നു. കായികപ്രേമിയായ അമ്മ ആര്‍ ബിന്ദുവാണ് ഖൊ-ഖൊയിലേക്ക് കൈപിടിച്ചു നടത്തിയത്. കേരളത്തിനായി ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിലും കേരളാ ടീമംഗമായിരുന്നു. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് പാരിതോഷികം അനുവദിച്ചത്.
