Greenfield: Govt sanctioned Rs 6 crore to clear arrears

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് മുഴുവന്‍ കുടിശ്ശികകളും തീര്‍ക്കാനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചു. 6 കോടി രൂപയാണ് അടിയന്തരമായി സ്‌റ്റേഡിയം നടത്തിപ്പ് നിര്‍വഹിക്കുന്ന കമ്പനിയ്ക്ക് അനുവദിച്ചത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ എസ് ആന്റ് എഫ് എല്‍) വരുത്തിയ കുടിശ്ശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനായാണ് ഈ തുക അനുവദിച്ചത്.
ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഡി ബി ഒ ടി (ഡിസൈന്‍ ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍) രീതിയില്‍ നിര്‍മ്മിച്ച സ്‌റ്റേഡിയമാണിത്. 2027 വരെയാണ് കെ എസ് എഫ് എല്ലിന് ഈ അവകാശമുള്ളത്. അവര്‍ സ്‌റ്റേഡിയം പരിപാലിക്കുന്നതില്‍ കനത്ത അനാസ്ഥയാണ് കാട്ടിയത്.
തുടര്‍ന്നാണ് ആന്വിറ്റി തുക ആറു കോടിയോളം സര്‍ക്കാര്‍ പിടിച്ചുവെച്ചത്.
2019-20 കാലയളവിലെ ആന്വിറ്റിയില്‍ നിന്ന് പിടിച്ചുവെച്ച തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. പ്രോപ്പര്‍ട്ടി ടാക്‌സ് 2.04 കോടി, വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക 2.96 കോടി, വെള്ളക്കരം 64.86 ലക്ഷം, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിനുള്ള 5.36 ലക്ഷം എന്നിങ്ങനെയാണ് നിലവില്‍ കുടിശ്ശികയുള്ളത്. ഈ കുടിശ്ശികള്‍ തീര്‍ക്കുന്നതിന് 6 കോടിയില്‍ നിന്ന് ആവശ്യമായ തുക നല്‍കാന്‍ സ്‌പോട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ നടപടി സ്വീകരിക്കും.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 20-20 പരമ്പരയിലെ ആദ്യമത്സരം ബുധനാഴ്ച ഗ്രീന്‍ഫീല്‍ഡില്‍ നടക്കുകയാണ്. മത്സരവുമായി ബന്ധപ്പെട്ട് സമസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും പിന്തുണയും കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയിരുന്നു. മത്സരം നല്ല നിലയില്‍ നടത്താന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കി.