ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ ഉന്നത അധികൃതർ ഉറപ്പുനൽകി.
സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം പരശുറാം എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചിട്ടുണ്ട്. തിരക്കുള്ള മറ്റു ട്രെയിനുകളിലും ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കും. ഷൊർണൂർ-കണ്ണൂർ പാസഞ്ചർ കാസർഗോഡ് വരെ നീട്ടുന്ന കാര്യവും പരിഗണിക്കും.
അവധിക്കാലങ്ങളിൽ അധിക സർവീസ് ഏർപ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തിൽ സംസ്ഥാന സർക്കാർ ഒരു കലണ്ടർ തയ്യാറാക്കി റെയിൽവേയ്ക്ക് സമർപ്പിക്കും. ഇതുപ്രകാരം സ്‌പെഷ്യൽ സർവീസുകൾ നടത്താനും ഈ സർവീസുകൾ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പുകൾ നൽകാനും ധാരണയായി. ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കാമെന്ന് റെയിൽവേ അറിയിച്ചു. വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ മണിക്കൂറുകൾ പിടിച്ചിടുന്നത് ഒഴിവാക്കുന്ന കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കും. മലപ്പുറം ജില്ലയിലെ ജനസംഖ്യയും ട്രെയിൻ യാത്രികരുടെ എണ്ണവും പരിഗണിച്ച് രാജധാനി എക്‌സ്പ്രസിന് ജില്ലയിൽ സ്‌റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനും തീരുമാനിച്ചു.