നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സമഗ്ര വയോജന പരിചരണ യൂണിറ്റ് നാടിന് സമർപ്പിച്ചു
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ആരോഗ്യ ഗ്രാൻ്റിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പ് വഴി നിലമ്പൂർ നഗരസഭയ്ക്ക് അനുവദിച്ച 1.02 കോടി രൂപ ചെലവിൽ ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച സമഗ്ര വയോജന പരിചരണ യൂണിറ്റിന്റെ ഉദ്ഘാടനം കായിക – ന്യൂനപക്ഷ ക്ഷേമ- വഖഫ് – ഹജ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ഈ പദ്ധതിയിൽ സംസ്ഥാനത്ത് തന്നെ ആദ്യമായി പ്രവർത്തന സജ്ജമായ ജെറിയാട്രിക് വാർഡാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മന്ത്രി നാടിന് സമർപ്പിച്ചത്.
സമഗ്ര വയോജന പരിചരണ യൂണിറ്റിന്റെ ഭാഗമായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി 10 കിടക്കകളോട് കൂടിയ ജെറിയാട്രിക് വാർഡാണ് യാഥാർത്ഥ്യമായത്. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച യൂണിറ്റ് പ്രായമായവർക്ക് സൗഹൃദപരമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നൽകും. പൂർണമായും ശീതീകരിച്ചിട്ടുണ്ട്. രണ്ട് വാർഡിലും ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ ഫോൾഡബിൾ ഗ്രാബ് ബാറുകൾ, ഷവർ സീറ്റുകൾ, കോർഡ് അലാറങ്ങൾ, ഉയർന്ന ടോയ്ലറ്റ് സീറ്റുകൾ എന്നിവയോടുകൂടിയ പുതിയ ടോയ്ലറ്റ് ബ്ലോക്കും നിർമ്മിച്ചിട്ടുണ്ട്.
10 കിടക്കകളിൽ രണ്ടുവീതം പവർ സോക്കറ്റുകൾ, വാക്വം ബോട്ടിൽ, ഫ്ലോമീറ്റർസ് എന്നിവയോട് കൂടിയ ഗ്യാസ് ഔട്ട്ലെറ്റുകൾ ലഭ്യമാണ്.
ജെറിയാട്രിക്ക് വാർഡുകളിലേക്ക് 21 ലക്ഷം രൂപയുടെ അനുബന്ധ ഉപകാരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇവിടേക്ക് ഒരു ജെറിയാട്രീഷ്യനെയും ഒരു സ്റ്റാഫ് നഴ്സിനെയും എൻ.എച്ച്.എം മുഖേന നിയമിക്കും.