Nilambur Teak Museum is now a green tourism center

നിലമ്പൂർ തേക്ക് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം

കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള നിലമ്പൂരിലെ പ്രശസ്തമായ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. കേരളത്തെ മാതൃകാപരമായ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ വഴി സംസ്ഥാനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുന്നതിൻ്റെ ഭാഗമായാണ് പ്രഖ്യാപനം. ശലഭോദ്യാനം, ഔഷധ ഉദ്യാനം, പച്ചത്തുരുത്ത്, കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കിയാണ് ഹരിത കേരളം മിഷൻ്റെ സഹകരണത്തോടെ കെ.എഫ്. ആർ.ഐ തേക്ക് മ്യൂസിയം ഗ്രീൻ ഡെസ്റ്റിനേഷനാക്കിയത്.

നഗരസഭയുടെ നേതൃത്വത്തിൽ ഹരിത വിദ്യാലയങ്ങളായി തിരഞ്ഞെടുത്ത സ്‌കൂളുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഫെബ്രുവരി 28 നകം നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ ക്ലാസ് മുറികളും ഹരിത ക്ലാസ് മുറികളാക്കുകയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കുകയും ചെയ്യും. എല്ലാ അയൽക്കൂട്ടങ്ങളും ഹരിതയിൽ അയൽ കൂട്ടങ്ങളായി പ്രഖ്യാപിക്കും. മാർച്ച് 31 നകം എല്ലാ സർക്കാർ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭയിൽ ആരംഭിച്ചിട്ടുണ്ട്.