നൂറിന്റെ നിറവിലുള്ള ‘മാതൃഭൂമിക്ക്’ ആശംസകള്‍
കേവലം അഞ്ച് രൂപ ഷെയറിന് വിലയുമായി നൂറു കൊല്ലം മുമ്പ് തുടങ്ങിയൊരു പത്രം നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിനോട് ചേര്‍ക്കപ്പെട്ടിരിക്കുന്നത് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ഒരേട് കൂടിയാണ്. ബ്രിട്ടീഷ് ഭരണത്തിനോട് കൂറ് കാട്ടുന്ന പ്രസിദ്ധീകരണങ്ങള്‍ മേധാവിത്യം പുലര്‍ത്തിയിരുന്ന മലബാറില്‍ നിന്ന് മാറ്റത്തിന്റെ കൊടുങ്കാറ്റുമായാണ് മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചത്.
സ്വാതന്ത്ര്യ പോരാട്ടത്തില്‍ അണിചേരാന്‍ മലയാളികളെ ഉദ്‌ബോധിപ്പിച്ചാണ് മാതൃഭൂമി ദിനപത്രത്തിന്റെ ആദ്യ കോപ്പി പുറത്തിറങ്ങുന്നത്. പത്രത്തിന്റെ എഡിറ്റോറിയലുകളില്‍ സ്വാതന്ത്ര്യത്തെ പിന്തുണച്ചും, അതിനായുള്ള പ്രയത്‌നങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കിയും ലേഖനങ്ങള്‍ നിറഞ്ഞു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ അടക്കമുള്ളവരുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാനും അക്കാലത്ത് മാതൃഭൂമിക്ക് സാധിച്ചു.
സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പടവാളായി തൂലിക ചലിപ്പിക്കാനും പത്രം ധൈര്യം കാണിച്ചു. വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നീ പ്രക്ഷോഭങ്ങളിലെല്ലാം തന്നെ മാതൃഭൂമി സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ റോള്‍ സ്വീകരിച്ചു.
ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിരന്തരമായി ശബ്ദിക്കുക വഴി അവരുടെ അപ്രീതിയും, അതോടൊപ്പം കര്‍ശന ശിക്ഷാ നടപടികള്‍ക്കും മാതൃഭൂമി പത്രത്തിന് വിധേയരാകേണ്ടി വന്നു. പക്ഷേ ഇത്തരം ശിക്ഷകളൊന്നും മാതൃഭൂമിയുടെ തൂലികകളെ നിശബ്ദമാക്കാന്‍ പോന്നവയായിരുന്നില്ല. 1931ലും, തുടര്‍ന്ന് ക്വിറ്റ് ഇന്ത്യ സമര കാലത്തും എഡിറ്റോറിയലുകള്‍ ഒഴിച്ചിട്ടാണ് മാതൃഭൂമി പ്രതിഷേധിച്ചത്. ദിവാന്‍ സര്‍ സി പിക്കെതിരെ തൂലിക ചലിപ്പിച്ചതിന്റെ പേരില്‍ ഒമ്പത് വര്‍ഷം തിരുവിതാകൂറില്‍ നിന്നും വിലക്കപ്പെട്ടു. കൊച്ചിയിലെ ഒരു സ്ത്രീയെ അപമാനിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിനും പത്രത്തെ നിരോധിച്ചിരുന്നുബ്രിട്ടീഷ് സര്‍ക്കാര്‍. ഒമ്പത് വര്‍ഷമാണ് സി പിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ വിലക്ക് നേരിടേണ്ടി വന്നതെങ്കില്‍ കൊച്ചിയില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉടന്‍ തന്നെ വിലക്ക് പിന്‍വലിക്കേണ്ടി വന്നുവെന്നത് ചരിത്രം.
സ്വാതന്ത്ര്യ പോരാട്ടത്തില്‍ മാതൃഭൂമിയുടെ പങ്കിനെ അടുത്ത മനസിലാക്കിയ വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. മാതൃഭൂമി പത്രത്തിന്റെ ഓഫിസ് സന്ദര്‍ശിക്കുകയും, അവരുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു അദ്ദേഹം.
ഇങ്ങനെ ചരിത്രം ഏറെ പിന്നിട്ടാണ് ഇന്നീ നൂറാം വാര്‍ഷിക നിറവില്‍ മാതൃഭൂമി ദിനപത്രം എത്തി നില്‍ക്കുന്നത്. മലയാളിയുടെ സാംസ്‌കാരിക, പരിവര്‍ത്തന പക്രിയകളില്‍ നികത്താനാവാത്ത ഒരു സ്ഥാനം മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്കുണ്ട്. അതിനിയും ഇങ്ങനെ പല നൂറ്റാണ്ടുകള്‍ പിന്നിട്ട് മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു