Expatriate Welfare Board's membership camp and arrears clearance at Thiruvananthapuram on 30; State level inauguration will be done by Minister V Abdurrahiman.

പ്രവാസി ക്ഷേമ ബോർഡിന്റെ അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും 30 ന് തിരുവനന്തപുരത്ത് ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും.

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ അംഗത്വ രജിസ്ട്രേഷനും കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം ഡിസംബർ 30 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽ കല്യാണ മണ്ഡപത്തിൽ രാവിലെ 10 ന് കായിക, റെയിൽ, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. ആന്റണി രാജു എം എൽ എ അധ്യക്ഷനാകും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കേരള പ്രവാസി കേരളീയ ക്ഷേമബോർഡ് ചെയർമാൻ കെ. വി അബ്ദുൾ ഖാദർ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. വാസുകി, തമ്പാനൂർ വാർഡ് കൗൺസിലർ സി. ഹരികുമാർ, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

പുതിയ അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ടിലെ ജനനതീയതി, മേൽവിലാസ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ് പോർട്ട് സൈസ് ഫോട്ടോ, ആധാർ എന്നിവ സഹിതം തിരുവനന്തപുരം തമ്പാനൂരിലെ റെയിൽ കല്യാണമണ്ഡപത്തിൽ എത്തിച്ചേരണം. അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങൾക്ക് ഇതുവരെ മുടക്കം വരുത്തിയ അംശദായ തുകയും പ്രവാസിക്ഷേമബോർഡ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉൾപ്പെടെ അടയ്ക്കുവാനുള്ള സൗകര്യം ഒരുക്കും. അംഗത്വം നഷ്ടമായിട്ടുള്ളതും പെൻഷൻ പ്രായം പൂർത്തീകരിച്ചിട്ടില്ലാത്തതുമായവർക്ക് അംഗത്വം പുനസ്ഥാപിക്കാനുള്ള അവസരമുണ്ട്. കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രവാസിക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ആവശ്യമായരേഖകൾക്കൊപ്പം ഓൺലൈനായാണ് അംഗത്വമെടുക്കേണ്ടത്. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ക്ഷേമനിധിയിൽ അംഗത്വമെടുത്തതിന് ശേഷം അംശദായം അടയ്ക്കാതെ അംഗത്വം നഷ്ടപ്പെടുകയും ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാകാത്തതുമായ സാഹചര്യമുണ്ടായതിനാലാണ് കുടിശിക നിവാരണം സംസ്ഥാനത്തുടനീളം നടത്താൻ ബോർഡ് തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇത്തരത്തിൽ അംശദായ കുടിശിക വരുത്തിയ 35,000 -ത്തിൽപ്പരം അംഗങ്ങളുണ്ട്.

വിദേശത്ത് ജോലി ചെയ്യുന്ന കേരളീയൻ 1 എ വിഭാഗത്തിൽ ഉൾപ്പെടും. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് പ്രതിമാസം 350 രൂപയാണ് അംശദായം അടയ്ക്കേണ്ടത്. വിദേശത്ത് രണ്ടുവർഷമെങ്കിലും ജോലി ചെയ്തശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയവരാണ് 1 ബി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിച്ചു വരുന്നയാളാണ് 2 എ വിഭാഗത്തിൽ ഉൾപ്പെടുക. ഈ രണ്ടു വിഭാഗങ്ങങ്ങൾക്കും പ്രതിമാസം 200 രൂപയാണ് അംശദായം അടയ്ക്കേണ്ടത്. പ്രവാസി കേരളീയനായ അംഗത്തിന് പ്രതിമാസം 3500 രൂപയും മുൻ പ്രവാസി കേരളീയനായ അംഗത്തിനും പ്രവാസി കേരളീയനായ (ഇന്ത്യ 2എ) അംഗത്തിനും 3000 രൂപയും ഏറ്റവും കുറഞ്ഞ പെൻഷൻ തുകയായി ലഭിക്കും. അംശദായ അടവ് കാലയളവ് ദീർഘിക്കുന്നതിന് അനുസരിച്ച് മിനിമം പെൻഷന്റെ ഇരട്ടിതുക വരെ പ്രതിമാസ പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്.

പെൻഷൻ കൈപ്പറ്റി കൊണ്ടിരിക്കുന്ന അല്ലെങ്കിൽ അഞ്ചുവർഷത്തിൽ കുറയാത്ത കാലയളവിൽ അംശദായം അടച്ചിട്ടുള്ളതും അംഗത്വം റദ്ദാക്കാത്തതോആയ അംഗം മരണമടഞ്ഞാൽ അർഹതപ്പെട്ട കുടുംബാംഗത്തിന് കുടുംബ പെൻഷനും ലഭ്യമാകും. അർഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെൻഷൻ തുകയുടെ അൻപത് ശതമാനമാണ് കുടുംബ പെൻഷൻ. നിത്യവൃത്തിക്കായി തൊഴിൽ ചെയ്യുന്നതിന് ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നതും ക്ഷേമനിധിയിൽ മൂന്ന് വർഷത്തിൽ കുറയാത്ത കാലയളവിൽ തുടർച്ചയായി അംശദായം അടച്ചിട്ടുള്ളതുമായ അംഗത്തിന് പെൻഷൻ തുകയുടെ 40 ശതമാനം തുല്യമായ തുക പ്രതിമാസ അവശത പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് മരണാനന്തരസഹായം, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം എന്നിവയും കേരള പ്രവാസി കേരളീയക്ഷേമ ബോർഡ് നൽകിവരുന്നു.
—————————————————
ഗീതാലക്ഷ്മി എം.ബി
ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്
രണ്ടാം നില, നോർക്ക സെന്റർ തൈയ്ക്കാട്
തിരുവനന്തപുരം-695014
ഫോൺ-+91 471-246 5500, 2785520, 2785508
www.pravasikerala.org