ലോക കായികരംഗത്ത് ഇന്ത്യക്ക് ഏറെ സാധ്യതയുള്ള ബോക്സിങ്ങിന് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെ ഗ്രാസ് റൂട്ട് തലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ബോക്‌സിങ്ങ് പരിശീലന പരിപാടിയാണ് പഞ്ച്. ആദ്യഘട്ടമായി കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോ കേന്ദ്രത്തിലാണ് പഞ്ച് നടപ്പിലാക്കുന്നത്. 8 നും 16 നും ഇടയിൽ പ്രായമുള്ള ഓരോ കേന്ദ്രത്തിലെയും 25 കുട്ടികൾക്ക് ആഴ്‌ചയിൽ 5 ദിവസം 90 മിനിറ്റ് വീതം പരിശീലനം നൽകും. ദേശീയതലത്തിൽ മികവ് കാണിച്ച 2 പരിശീലകർ വിദ്യാർഥികളെ പരിശീലിപ്പിക്കും.
ബോക്സിംഗ് റിംഗ്, ജഴ്സി എന്നിവക്ക് പുറമേ 15,000 രൂപയുടെ കായിക ഉപകരണങ്ങളടങ്ങിയ കിറ്റും പോഷകാഹാരവും കുട്ടികൾക്ക് ലഭ്യമാക്കും. ഓരോ സെന്ററിലെയും പരിശീലന പരിപാടിയുടെ നിരീക്ഷണത്തിനായി സ്കൂൾതല മോണിറ്ററിങ് കമ്മിറ്റി , ജില്ലാതല കമ്മിറ്റി , സംസ്ഥാനതല കമ്മിറ്റി എന്നിവയും ഉണ്ടാകും. കുട്ടികളുടെ പരിശീലന പുരോഗതി, ഹാജർനില തുടങ്ങിയവ കേന്ദ്രീകൃത സോഫ്‌റ്റ്‌വെയർ സംവിധാനത്തിലൂടെ വിലയിരുത്തും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല.