നിയമസഭ മണ്ഡലം:
താനൂര്‍
കേരളത്തിലെ 140 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് താനൂർ സംസ്ഥാന നിയമസഭാ മണ്ഡലം. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 7 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ,ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ. ഒരു ചെറു തീരദേശഗ്രാമമായ താനൂർ. മുനിസിപ്പാലിറ്റിക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്.
1964-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കേരളത്തിൻറെ തന്നെ ഒരു പ്രതിരൂപ മാതൃകയാണു താനൂർ എന്ന പ്രദേശം എന്ന് പറയാം. കേരളത്തിൻറെ പ്രത്യേകതയായ മലനാടും ഇടനാടും തീരപ്രദേശവും താനൂരിലുണ്ട്. മലനാട് എന്ന കുന്നിൻ പ്രദേശമായി മോര്യ കുന്നുംപുറവും, ഇടനാടായി പനങ്ങാട്ടൂർ കാട്ടിലങ്ങാടി പ്രദേശവും തീരപ്രദേശമായി താനൂരങ്ങാടിയും കൂടിച്ചേർന്ന് കേരളത്തിൻറെ ഭൂപ്രകൃതിയുടെ ഒരു ചെറു മാതൃകയാണ് താനൂർ.
താഴ്ന്ന പ്രദേശമായത് കൊണ്ട് താഴ്ന്ന ഊര് എന്നത് ലോപിച്ച് താനൂർ ആയതാണെന്നും, താന്നി വൃക്ഷങ്ങൾ/ താന്നിമരങ്ങൾ ഇടതിങ്ങി വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ താന്നി (Terminalia bellirica) വൃക്ഷ്ങ്ങളുടെ നാട് എന്നർത്ഥത്തിൽ താന്നിയൂര് ലോപിച്ച് പിൽക്കാലത്ത് താനൂർ ആയതാണെന്നും, കടലിലെ ചുഴികൾക്ക് സംസ്കൃതത്തിൽ പറയുന്ന താന്നിയൂരം ലോപിച്ച് താനൂർ ആയതാണെന്നും പറയപ്പെടുന്നു.