മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ നാലാമത് ഷോറൂം തിരുവനന്തപുരം ജില്ലയിലെ കല്ലറ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു
രാസവസ്തു വിമുക്തവും, ഗുണമേൻമ ഏറിയതുമായ മത്സ്യം ന്യായവിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സർക്കാർ നടപ്പാക്കുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ നാലാമത് ഷോറൂം തിരുവനന്തപുരം ജില്ലയിലെ കല്ലറ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു. സമീപത്തെ ഹാർബറുകളിൽ നിന്നും വിവിധ ഫിഷ്ലാൻഡിങ് സെന്ററുകളിൽ നിന്നും മത്സ്യഫെഡ് നേരിട്ടും വിവിധ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും സംഭരിക്കുന്ന 25ൽപരം മത്സ്യങ്ങളാണ് ഇതുവഴി വിപണനം നടത്തുന്നത്. കടൽ കായൽ മത്സ്യങ്ങൾക്ക് പുറമേ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആന്റ് ഫ്രീസിങ് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വിവിധ മത്സ്യ അച്ചാറുകളും, കറിക്കൂട്ടുകളും, ചമ്മന്തി പൊടികളും ഈ മാർട്ടിൽ ലഭ്യമാണ്. ഇതിനു പുറമേ മത്സ്യഫെഡ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന അമിതവണ്ണവും, കൊളസ്ട്രോളും നിയന്ത്രിക്കുന്നതിനുള്ള കൈറ്റോൺ എന്ന ഉൽപന്നവും ഇവിടെ ലഭ്യമാണ്.