The taluk level adalats of Malappuram district have concluded

കൊണ്ടോട്ടിയിൽ നടന്ന അദാലത്തോടെ മലപ്പുറം ജില്ലയിലെ താലൂക്ക്‌ തല അദാലത്തുകൾക്ക്‌ സമാപനമായി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്‌ താലൂക്ക് തലങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ പരാതിപരിഹാര അദാലത്തുകൾ സംഘടിപ്പിച്ചത്‌. വെള്ളക്കരം കുടിശ്ശിക, ഭൂനികുതി അടയ്ക്കാൻ സാധിക്കാത്തത് തുടങ്ങി പരിഹാരം ലഭിക്കാതെ പോയ പ്രശ്‌നങ്ങളുമായി നിരവധി പേരാണ്‌ അദാലത്തുകളിൽ എത്തിയത്‌.

മെയ് 15ന് ഏറനാട്, 16ന് നിലമ്പൂർ, 18ന് പെരിന്തൽമണ്ണ, 22ന് തിരൂർ, 23ന് പൊന്നാനി, 25ന് തിരൂരങ്ങാടി എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ അദാലത്തുകൾ സംഘടിപ്പിച്ചത്. സാധ്യമാവുന്ന പരാതികളെല്ലാം ഉടൻ പരിഹരിച്ചു. ശേഷിക്കുന്നവയിൽ 10 ദിവസത്തിനകം പരിഹാരം കാണാൻ വകുപ്പുകൾ നിർദേശം നൽകിയിട്ടുണ്ട്. അദാലത്തിന്റെ പരിഗണനാ വിഷയമല്ലാത്തവ മാത്രമാണ് പരിഹാരം കാണാൻ കഴിയാതിരുന്നത്.
അദാലത്തിന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരുന്നത്. ജില്ലാ കളക്ടർ, ജില്ലാ വികസന കമ്മീഷണർ, സബ് കളക്ടർമാർ, അസിസ്റ്റന്റ് കളക്ടർ, എ.ഡി.എം, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര കൗണ്ടറുകളും ഇവ കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകളും പരാതികൾ പരിഗണിക്കാൻ ഒരുക്കിയിരുന്നു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരും പ്രത്യേകമായി ഒരുക്കിയ കൗണ്ടറുകളിൽ അണിനിരന്നു. ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക കൗണ്ടറും സജ്ജമാക്കിയിരുന്നു.