മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം; സെലക്ഷൻ ട്രയൽസ് 7 ന്
തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ സെലക്ഷൻ ട്രയൽസ് ഫെബ്രുവരി ഏഴിന് കലവൂർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ എട്ടിന് ട്രയൽസ് ആരംഭിക്കും.
അഞ്ച്, 11 ക്ലാസുകളിലെ മുഴുവൻ സീറ്റുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ് പട്ടിക വിഭാഗത്തിൽപ്പെട്ട കായിക താരങ്ങൾക്ക് പ്രവേശനം നൽകുന്നത്. അത് ലറ്റിക്സ്, ജൂഡോ, റസ് ലിംഗ്, ജിംനാസ്റ്റിക്സ്, ഫുട്ബോൾ എന്നീ ഇനങ്ങളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.
കായിക മികവിനൊപ്പം അക്കാദമിക് രംഗത്തും മുന്നിട്ടുനിൽക്കുന്ന സ്കൂൾ കഴിഞ്ഞ അധ്യയന വർഷം തിരുവനന്തപുരം ജില്ലയിൽ പ്ലസ് ടു പരീക്ഷയ്ക്ക് 100 ശതമാനം വിജയം നേടി. ഇത്തവണത്തെ സംസ്ഥാന കായിക മേളയിൽ ആദ്യപത്തിലെത്തിയ സ്കൂളുകളിലൊന്നുമാണിത്.
വിദ്യാർഥികളുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള കായികപരിശീലനം, ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ പങ്കാളിത്തം എന്നിവയും സ്കൂളിനെ ശ്രദ്ധേയമാക്കുന്നു. സ്പോർട്സ് ക്വാട്ടയിലും ഗ്രേഡ് മാർക്ക് വഴിയും സർക്കാർ ജോലി ലഭിക്കുന്നതിനും ഇവിടുത്തെ വിദ്യാർഥികൾക്ക് അവസരമുണ്ട്.
ദേശീയ, സംസ്ഥാന, ജില്ലാതല വിജയികൾക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തിൽ നേരിട്ട് പ്രവേശനം നൽകും. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ബ്ലോക്ക് പട്ടിക വിഭാഗം ഓഫീസുകളിലോ പട്ടികജാതി പട്ടികവർഗ പ്രൊമോട്ടർമാരെയോ ബന്ധപ്പെടുക. ഫോൺ: 7356075313, 9744786578.