സംസ്ഥാനത്തെ കായിക അടിസ്ഥാനസൗകര്യ വികസന രംഗത്തുണ്ടായത് 25000 കോടി രൂപയുടെ നിക്ഷേപം
കായിക അടിസ്ഥാനസൗകര്യ വികസന രംഗത്ത് 25000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെത്തിയതായി കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാൻ. സംസ്ഥാനസർക്കാർ കായിക അടിസ്ഥാനസൗകര്യനവികസന രംഗത്ത് 2400 കോടി രൂപ ചെലവഴിച്ചു. 5000 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങൾ സ്വകാര്യമേഖലയിലും നടക്കുകയാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്തെ കായിക രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പഞ്ചായത്ത്, ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ എസ് ഡി വി സ്‌കൂളിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും സ്‌പോർട്‌സ്, എല്ലാവർക്കും ആരോഗ്യം എന്നതാണ് സർക്കാർ കാഴ്ച്ചപ്പാട്. താഴെത്തട്ടിൽ കായികപ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി ആവിഷ്‌കരിച്ചത്. സർക്കാർ നടപ്പാക്കുന്ന ബൃഹത്തായ കായികവികസന പ്രവർത്തനമാണിത്. സംസ്ഥാനത്തെ 465 പഞ്ചായത്തുകളിൽ കളിക്കളങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ 60 പഞ്ചായത്തുകളിൽ കളിക്കളങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കായിക അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്ന ജില്ലയാണ് ആലപ്പുഴയെന്നും മന്ത്രി പറഞ്ഞു. ജില്ലക്ക് കായികരംഗത്ത് വലിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. 58 ഓളം പ്രവർത്തികൾ ജില്ലയിൽ പൂർത്തീകരിച്ചു. എസ് ഡി വി സ്‌കൂൾ സ്റ്റേഡിയം നിർമ്മാണം ആറു മാസം കൊണ്ടു പൂർത്തീകരിക്കുമെന്നും ജില്ലയിലെ വിദ്യാർഥികൾക്ക് സ്റ്റേഡിയം മികച്ച രീതിയിൽ പ്രയോജനപ്പെടട്ടെയെന്നും മന്ത്രി പറഞ്ഞു.
പി പി ചിത്തരഞ്ജൻ എംഎൽഎ ആവശ്യപ്പെട്ടത് പ്രകാരം മാരാരിക്കുളം സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ കളിക്കളം നിർമിക്കാൻ കായിക വകുപ്പ് 50 ലക്ഷം രൂപ അനുവദിക്കുന്നതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആലപ്പുഴയുടെ വിദ്യാഭ്യാസരംഗത്ത് അവിസ്മരണീയ സംഭാവന നൽകിയ സ്ഥാപനമാണ് എസ് ഡി വി സ്‌കൂളെന്നും അതുകൊണ്ടാണ് സ്‌കൂളിനെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മാരാരിക്കുളം സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ കളിക്കളം നിർമിക്കാൻ ആസ്തി വികസനഫണ്ടിൽ നിന്നുള്ള 50 ലക്ഷം അനുവദിച്ചതായി എംഎൽഎയും ചടങ്ങിൽ പ്രഖ്യാപിച്ചു.
സംസ്ഥാനകായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് എസ് ഡി വി സ്‌കൂളിൽ സ്റ്റേഡിയം നിർമ്മാണ പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളത്തെ പ്രൈംടെക് എൻജിനീയറിങ്ങിനാണ് നിർമ്മാണച്ചുമതല.