കായികരംഗത്തെ പ്രമുഖർക്ക് മുഖ്യ പരിഗണന നൽകി സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ സ്റ്റാന്റിങ്ങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രാജിവെച്ച സ്‌പോട്‌സ് കൗൺസിൽ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങൾക്കു പകരം ഏഴ് പേരെ സർക്കാർ നാമനിർദ്ദേശം ചെയ്തു. രാജിവെച്ചൊഴിഞ്ഞ മേഴ്‌സി കുട്ടനു പകരം മുൻ രാജ്യാന്തര ഫുട്‌ബോൾ താരം യു ഷറഫലി പ്രസിഡന്റായി ചുമതലയേറ്റിരുന്നു.
ഒളിമ്പ്യൻ കെ എം ബിനു, ലോക ബോക്‌സിങ്ങ് ചാമ്പ്യൻ കെ സി ലേഖ, അന്താരാഷ്ട്ര ഫുട്‌ബോൾ താരം സി കെ വിനീത്, അത്‌ലറ്റിക്‌സ് പരിശീലകൻ ബാബു പി ഐ, വി കെ സനോജ്, രഞ്ചു സുരേഷ്, യോഗ പരിശീലകൻ ഗോപൻ ജെ എസ് എന്നിവരാണ് പുതിയ സ്‌പോട്‌സ് കൗൺസിൽ അംഗങ്ങൾ.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ മികച്ച കായികതാരങ്ങളും പരിശീലകരും ഉൾപ്പെടെയുള്ളവരെയാണ് അംഗങ്ങളായി നിശ്ചയിച്ചത്. കായികമേഖലയിൽ നിന്നുള്ളവരെ തന്നെ ഈ സ്ഥാനങ്ങളിൽ നിയോഗിക്കണമെന്ന എൽ ഡി എഫ് സർക്കാർ നിലപാടിന്റെ ഭാഗമായാണ് തീരുമാനം.