Sports Bill passed unanimously

സ്‌പോര്‍ട്‌സ് ബില്‍ ഐകകണ്‌ഠ്യേന പാസ്സാക്കി

പുതിയ കായികനയം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായ 2024 ലെ കേരളാ സ്‌പോട്‌സ് ആക്റ്റ് ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി. കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അവതരിപ്പിച്ച ബില്‍ ഐകകണ്‌ഠ്യേനയാണ് സഭ അംഗീകരിച്ചത്.
ചര്‍ച്ചയ്ക്കു വെച്ച ബില്ലില്‍ എംഎല്‍എമാരുടെ 20 ഭേദഗതികള്‍ സ്വീകരിച്ചും 2 ഔദ്യോഗിക ഭേദഗതികള്‍ മന്ത്രി കൂട്ടിച്ചേര്‍ത്തുമാണ് അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ കായികമേഖലയെ അടിമുടി പരിഷ്‌ക്കരിക്കാനും എല്ലാവര്‍ക്കും സ്‌പോട്‌സ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിയമ ഭേദഗതികള്‍. കായികരംഗത്ത് കേരളം ലോകത്തിനു മാതൃകയായി മുന്നേറാന്‍ ഈ മാറ്റങ്ങള്‍ വഴിയൊരുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

കായികരംഗത്തെ സ്വയംപര്യാപ്തമാക്കുന്ന നവീന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുക, കായിക സമ്പദ്ഘടനയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ തല കായിക വികസനത്തിന് പ്രാധാന്യം നല്‍കുക, എലൈറ്റ് സ്‌പോര്‍ട്‌സ് പരിശീലനം ഗൗരവമായി പരിഗണിക്കുക, കായികരംഗത്ത് വികേന്ദ്രീകൃത സമീപനം ശക്തമാക്കുക, കായികഭരണത്തില്‍ ഏകോപനം കൊണ്ടുവരിക തുടങ്ങിയ വിശാലമായ വിഷയങ്ങള്‍ ഭേദഗതികളില്‍ ഉള്‍പ്പെടും. സ്‌പോട്‌സ് കൗണ്‍സിലിന് കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും അനുവദിക്കാന്‍ കഴിയുന്ന ഭേദഗതികളുമുണ്ട്.
പുതിയ കാലത്ത് മുഴുവന്‍ കുട്ടികളെയും കളികളിലേക്കും കളിക്കളങ്ങളിലേക്കും എത്തിക്കുക എന്നത് അതിപ്രധാനമാണ്. അതിനായി, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്‌പോട്‌സ് കേരള സ്‌കൂള്‍ ഗെയിംസ്, സ്‌പോട്‌സ് കേരള സര്‍വകലാശാല ഗെയിംസ് എന്നിവ സംഘടിപ്പിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, സ്‌പോട്‌സ് സ്‌കൂള്‍, സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ കായികാധിഷ്ഠിത പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക തുടങ്ങിയ ഭേദഗതികള്‍ സ്‌കൂള്‍ സ്‌പോട്‌സിന്റെ ശക്തമായ മുന്നേറ്റത്തിന് വഴിയൊരുക്കും.

ക്രിയാത്മകമായ കായിക സമ്പദ്ഘടനയ്ക്ക് അടിത്തറ പാകാന്‍ കായിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം, കായിക ഉപകരണങ്ങളുടെ നിര്‍മ്മാണം, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളിത്ത സ്വഭാവം കൊണ്ടു വരും. അടിസ്ഥാന സൗകര്യ നിര്‍മ്മാണം, കായിക മേളകള്‍, അക്കാദമികള്‍ എന്നിവയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. അതിനനുസരിച്ചുള്ള ഭേദഗതികളാണ് പാസ്സാക്കിയത്.
എല്ലാവര്‍ക്കും സ്‌പോട്‌സ് എന്നത് വാക്കുകളില്‍ ഒതുങ്ങാതിരിക്കാന്‍ ശക്തമായ പ്രചാരണ, പ്രോത്സാഹന നടപടികള്‍ ആവശ്യമാണ്. പുതിയ ഭേദഗതികള്‍ പ്രകാരംകൂടുതല്‍ പേരെ കളിക്കളത്തിലേക്കും ഫിസിക്കല്‍ ആക്റ്റിവിറ്റികളിലേക്കും ആകര്‍ഷിക്കാന്‍ കഴിയും. കായികരംഗത്തെ നവീനമായ ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ അനായാസം ലഭ്യമാക്കാന്‍ ആവശ്യമായ നിയമങ്ങളും കണക്കിലെടുത്തിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഭേദഗതികളുണ്ട്. സ്‌പോട്‌സ് അരീനകള്‍, ടര്‍ഫുകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും സ്‌പോട്‌സ് താരങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പരാതി പരിഹാര സംവിധാനം രൂപീകരിക്കുന്നതും ആ ദിശയിലുള്ള പ്രായോഗിക സമീപനങ്ങളാണ്. എല്ലാ തരത്തിലും കേരളത്തിലെ കായിക മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാകുന്നതാണ് 2024 ലെ കേരളാ സ്‌പോട്‌സ് (ഭേദഗതി) ബില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.