വഖഫ് ഭൂമികളുടെ തണ്ടപ്പേരിലും ബി.റ്റി.ആർ രജിസ്റ്ററിലെ റിമാർക്‌സ് കോളത്തിലും റവന്യൂ വകുപ്പിന്റെ സോഫ്റ്റവേയറിലും വഖഫ് ഭൂമി എന്ന് രേഖപ്പെടുത്താൻ റവന്യു ഐ.ടി സെല്ലിനും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകി. വഖഫ് വസ്തുക്കളുടെ കൈയേറ്റം തടയാനും സർവെ പൂർത്തിയാക്കാനുമായി നിലവിൽ വന്ന വഖഫ്, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്.

ഒരിക്കൽ വഖഫ് ചെയ്ത ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ 1995 ലെ കേന്ദ്ര വഖഫ് ആക്ട് അനുവദിക്കുന്നില്ല. എന്നാൽ, ഈ ഭൂമിയുടെ കൈമാറ്റമോ, വിൽപ്പനയോ നടത്തുമ്പോൾ വഖഫ് ഭൂമിയാണെന്ന് നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന് തിരിച്ചറിയാനാകില്ല. അതുകൊണ്ട് തന്നെ അനധികൃത കൈമാറ്റം തടയാനും കഴിഞ്ഞിരുന്നില്ല.അത്തരം സാഹചര്യം ഒഴിവാക്കാനാണ് പുതിയ പരിഷ്‌ക്കാരം. ബന്ധപ്പെട്ട രേഖകളിൽ വഖഫ് ഭൂമി എന്ന് രേഖപ്പെടുത്തുന്ന നടപടി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.