Hajj 2023 - Quota announced for India

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള കരാർ പ്രകാരം ഈ വർഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ പ്രഖ്യാപിച്ചു. 1,75,025 സീറ്റാണ് ഈ വർഷം ഇന്ത്യയ്ക്ക് അനുവദിച്ചത്. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം ടിറ്റ്വർ മുഖേനയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വർഷത്തെ ഹജ്ജിനു 79,237 ആയിരുന്ന ഇന്ത്യയ്ക്ക് അനുവദിച്ച ക്വാട്ട. 2019 ൽ രണ്ട് ലക്ഷം തീർത്ഥാടകർക്ക് അവസരം ലഭിച്ചിരുന്നു. സൗദി രാജാവിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അനുവദിച്ച പ്രത്യേക ക്വാട്ട കൂടി (25,000) ഉൾപ്പെടുത്തിയായിരുന്നു ഇത്.
ഈ വർഷം അനുവദിച്ച ക്വാട്ട പ്രകാരം, കേരളത്തിൽ നിന്നും ഈ വർഷം പതിനായിരത്തിലധികം പേർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം 5766 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിനു പോയത്.
ഹജ്ജ് പോളിസിക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് അപേക്ഷാ നടപടികൾ ആരംഭിക്കാനാവും. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്.

ലിങ്ക് : https://hajcommittee.gov.in/