കായികശേഷി പരിപോഷിപ്പിക്കാൻ സമ്മർ ക്യാമ്പ്; രജിസ്ട്രേഷൻ തുടങ്ങി
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാൻ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒരുക്കുന്ന സമ്മർ ക്യാമ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ടെന്നിസ്, ടേബിൾ ടെന്നീസ്, ഷൂട്ടിങ്, നീന്തൽ, ജിംനാസ്റ്റിക്സ്, കരാട്ടെ, ബാഡ്മിന്റൺ, ഫിറ്റ്നസ് ട്രെയിനിങ്, ഫുട്ബോൾ, ജൂഡോ തുടങ്ങി പത്തോളം കായിക ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. വെള്ളയമ്പലം ജിമ്മി ജോർജ് സ്പോട്സ് ഹബ്ബ്, കുമാരപുരം ടെന്നീസ് അക്കാദമി, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്, ജി വി രാജ സ്കൂൾ മൈലം എന്നിവിടങ്ങളിലാണ് സമ്മർ ക്യാമ്പുകൾ നടക്കുന്നത്. ജിമ്മി ജോർജ് സ്പോട്സ് ഹബ്ബിൽ നീന്തൽ, ബാഡ്മിന്റൺ, ജിംനാസ്റ്റിക്, കരാട്ടെ എന്നിവ പരിശീലിപ്പിക്കും. ടെന്നീസ് അക്കാദമിയിൽ ടെന്നിസും ഷൂട്ടിംഗ് റേഞ്ചിൽ ഷൂട്ടിംഗ്, ടേബിൾ ടെന്നീസ് എന്നിവയും പരിശീലിപ്പിക്കും. ഫുട്ബോളിനും ഫിറ്റ്നസ് ട്രൈനിങ്ങിനുമായി മൈലം ജി വി രാജ സ്കൂളിൽ പരിശീലന കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. മിതമായ ഫീസിൽ വിദഗ്ധ പരിശീലകരുടെ സേവനമാണ് ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 4 മുതൽ മെയ് 31 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന് sportskeralasummercamp.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക്: 6282902473