sports

1200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനവുമായി കായികരംഗം കുതിപ്പില്‍

കൊവിഡ് രോഗവ്യാപനം കുറഞ്ഞതോടെ കായികമേഖല പുതിയൊരു ഉണര്‍വിലാണ്. രോഗഭീതി ആരോഗ്യസംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്്. ഇതോടെ, കളിക്കളങ്ങളിലും കായികവിനോദങ്ങളിലും ഏര്‍പ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്. ഈ അവസരം പ്രയോജനപ്പെടുത്തി കായികമേഖലയുടെ വികസനം ഊര്‍ജ്ജിതമായി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന കായികവകുപ്പ്.

കായികമേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്ന നടപടികള്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ തുടങ്ങിയിരുന്നു. കിഫ്ബി ഫണ്ടും കായികവകുപ്പിന്റെ തനത് ഫണ്ടും ഉള്‍പ്പെടെ 1200 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനത്തെ കായികമേഖലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ 43 ഫുട്ബോള്‍ ഗ്രൗണ്ട്, 33 ഇന്‍ഡോര്‍ സ്റ്റേഡിയം, 27 സിന്തറ്റിക് ട്രാക്ക്, 33 സ്വിമ്മിംഗ് പൂള്‍ എന്നിവ യാഥാര്‍ത്ഥ്യമാകും. കൊടുമണ്‍, നീലേശ്വരം, മട്ടന്നൂര്‍, പറളി, തിരുമിറ്റക്കോട്, ചിറ്റൂര്‍, പ്രീതികുളങ്ങര എന്നിവിടങ്ങളില്‍ കായികസമുച്ചയങ്ങള്‍ പൂര്‍ത്തിയായി.

സ്പോര്‍ട്സ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത് പ്രധാന നേട്ടമാണ്. ജിവി രാജ സ്‌കൂളില്‍ 20 കോടി രൂപയുടെയും കണ്ണൂര്‍ സ്പോട്സ് ഡിവിഷനില്‍ 10 കോടിയുടെയും വികസനം നടപ്പാക്കി. പരിയാരം മെഡിക്കല്‍ കോളേജ്, കുന്നംകുളം ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ 7 കോടി രൂപ വീതം മുടക്കി സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആനാവൂര്‍, അരുവിക്കര, പരുത്തിയൂര്‍, ആലപ്പുഴ ജില്ലയിലെ താമരക്കുളം, ആര്യാട്, കണിച്ചുകുളങ്ങര, ഭരണിക്കാവ്, കണ്ടല്ലൂര്‍, പത്തനംതിട്ടയിലെ ജണ്ടായിക്കല്‍, അയിരൂര്‍ എന്നിവിടങ്ങളില്‍ കളിക്കളം നിര്‍മ്മാണം ആരംഭിച്ചു.

കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും നടത്തിപ്പിനും പരിപാലനത്തിനും കായികവകുപ്പിന് കീഴില്‍ സ്പോട്സ് കേരള ഫൗണ്ടേഷന്‍ (എസ്‌കെഎഫ്) എന്ന പൊതുമേഖലാ കമ്പനി രൂപീകരിച്ചത് സുപ്രധാന നേട്ടമാണ്. ടൂര്‍ണമെന്റുകളുടെ നടത്തിപ്പ് ഉള്‍പ്പെടെ എസ്‌കെഎഫ് നിര്‍വഹിക്കുകയാണ്. കമ്പനിയില്‍ നാല്‍പ്പതോളം എന്‍ജിനിയര്‍മാരെ പുതുതായി നിയമിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും കളിക്കളം എന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാന്‍, നടപടികള്‍ സജീവമാണ്. ആദ്യഘട്ടത്തില്‍ 106 പഞ്ചായത്തുകളിലാണ് കളിക്കളം ഒരുക്കുന്നത്. വിവിധ ഘട്ടങ്ങളിലായി എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങള്‍ നടപ്പാക്കും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങളും ഈ കളിക്കളങ്ങളുടെ ഭാഗമായി ഒരുക്കും.

ടൂറിസം വകുപ്പുമായി ചേര്‍ന്ന് കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം, വയനാട്, മലപ്പുറം എന്നീ 7 ജില്ലകളിലായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ജിം തുടങ്ങും. വിനോദത്തിലൂടെ മുഴുവന്‍ ജനങ്ങളുടെ കായികക്ഷമത ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. കളിക്കളങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് നാശമാകുന്നത് തടയാന്‍ ഉത്തരവുണ്ട്.

കായികമേഖലയില്‍ അടിമുടി മാറ്റം ലക്ഷ്യമിട്ടു കൊണ്ട് പുതിയ കായികനയം നടപ്പാക്കുകയാണ് സര്‍ക്കാര്‍. നയത്തിന്റെ കരട് ഒരു മാസത്തിനകം ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കേരളത്തിന്റെ കായികമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ഈ നയത്തിലൂടെ സാധിക്കും. സ്പോട്സ് ഇക്കോണമി മിഷന്‍ എന്ന പുരോഗമനപരമായ കാഴ്ചപ്പാട് നയത്തിലൂടെ മുന്നോട്ടുവെക്കുകയാണ്. സംസ്ഥാനത്തിന്റെ ജിഡിപിയില്‍ സ്പോട്സിന്റെ പങ്ക് 3 മുതല്‍ 5 ശതമാനം വരെയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മിഷന്റെ ഭാഗമായി നടപ്പാക്കും. കായിക രംഗത്ത് സ്വകാര്യമൂലധനം കൂടുതലായി നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും അതിനുള്ള അവസരം ഒരുക്കുകയും ചെയ്യും. നിക്ഷേപകര്‍ക്ക് എല്ലാ സംരക്ഷണവും പിന്തുണയും നല്‍കും.

കേരളത്തില്‍ ഉന്നതമായ കായികസംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. മികച്ച പരിശീലനത്തിലൂടെ ലോകോത്തര താരങ്ങളെ വളര്‍ത്തിയെടുക്കും. ഒപ്പം, മുഴുവന്‍ ജനങ്ങളെയും കായികവിനോദങ്ങളിലേക്ക് ആകര്‍ഷിച്ച് ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്.