കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോർത്തിണക്കി നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബർ മുതൽ തുടക്കമാകും. കൊച്ചിയില്‍ വെച്ച് ഇതിന്റെ പ്രഖ്യാപനം നടത്തി. രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് വിപുലമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബർ മാസം 04 ന് ആലപ്പുഴയിൽ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. നവംബർ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുക. നെഹ്റു ട്രോഫി ആലപ്പുഴ, താഴത്തങ്ങാടി കോട്ടയം, പുളിങ്കുന്ന് ആലപ്പുഴ, പിറവം എറണാകുളം, മറൈൻ ഡ്രൈവ് എറണാകുളം, കോട്ടപ്പുറം തൃശൂർ, കൈനകരി ആലപ്പുഴ, കരുവാറ്റ ആലപ്പുഴ, മാന്നാർ പത്തനംതിട്ട, കായംകുളം ആലപ്പുഴ, കല്ലട കൊല്ലം, പ്രസിഡന്റ്സ് ട്രോഫി കൊല്ലം എന്നിങ്ങനെ 12 വള്ളംകളികളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ ഇത്തവണ മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാർ പുഴയിൽ ചെറു വള്ളങ്ങളുടെ പ്രത്യേക അനുബന്ധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.