ഒമ്പതു ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുന്നു
ആദ്യ ഘട്ടത്തില്‍ കടലില്‍നിന്നു നീക്കിയത് 155 ടണ്‍ പ്ലാസ്റ്റിക്
കടലും കടല്‍ത്തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി ഒമ്പതു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വന്‍ വിജയമായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്തെ ഒമ്പതു തീരദേശ ജില്ലകളിലേക്കു വ്യാപിപ്പിക്കുന്നത്. അഞ്ചു കോടി രൂപയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്.
മത്സ്യബന്ധനയാനങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനു പ്രത്യേക ബാഗുകള്‍ നല്‍കും. നീണ്ടകരയില്‍ ഇതുവരെ 8671 ബാഗുകള്‍ ഇങ്ങനെ വിതരണം ചെയ്തു. ഇതില്‍ 6405 ബാഗുകള്‍ നിറയെ പ്ലാസ്റ്റിക്ക് മാലിന്യം അവര്‍ കടലില്‍നിന്നു ശേഖരിച്ചു. പദ്ധതി തുടങ്ങിയ 2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ മെയ് വരെ 154.932 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഈ രീതിയില്‍ കടലില്‍ നിന്നു നീക്കാനായത്. ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, സാഫ്, ശുചിത്വമിഷന്‍, എന്‍.ഇ.ടി.എഫ്.ഐ.എസ്.എച്ച് നേതൃത്വത്തിലാണു ശുചിത്വ സാഗരം പദ്ധതി നടപ്പാക്കുന്നത്.
കടലില്‍നിന്നെത്തിക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് വൃത്തിയാക്കുന്നതിനായി ശക്തികുളങ്ങരയില്‍ ക്ലീനിംഗ് യൂണിറ്റുമുണ്ട്. വൃത്തിയാക്കിയെത്തുന്ന പ്ലാസ്റ്റിക്ക് നീണ്ടകരയിലെ ഷ്രെഡിങ് യൂണിറ്റിലെത്തിച്ച് പെല്ലറ്റ് രൂപത്തിലാക്കി റോഡ് ടാറിംഗിന് ഉപയോഗിക്കും.
മാലിന്യ സംസ്‌കരണത്തിനൊപ്പം റീസൈക്ലിംഗ്/ റീയൂസിംഗ് സെക്ടറില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ശുചിത്വസാഗരം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ തീരമേഖലകളെ 590 ആക്ഷന്‍ പോയിന്റുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ ആക്ഷന്‍ പോയിന്റിലും 25 വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പദ്ധതി നിര്‍വ്വഹണത്തിനായി 15000 വോളണ്ടിയര്‍മാരെ കൂടി വിന്യസിക്കും. ക്ലീന്‍കേരള കമ്പനി ലിമിറ്റഡും ഹരിതകേരള മിഷനും സംയുക്തമായി ഓരോ 200 മീറ്ററിലും ഓരോകളക്ഷന്‍ ബോക്സുകള്‍ സ്ഥാപിക്കും.
വിവിധ എന്‍ജിഒകളില്‍ നിന്നും ജിഒ,എല്‍എസ്ജി, പിഎസ്.യു, എന്‍എസ്എസ്, എന്‍സിസി, ഹരിതകര്‍മ്മ സേന, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകള്‍, സാഫ്, എസ്ഇവിഎ, എന്‍ആര്‍ഇജിപി, ഡ്രൈവര്‍ അസോസിയേഷന്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍, ബോട്ട് ഉടമ അസോസിയേഷനുകള്‍, കടലോര ജാഗ്രതാ സമിതികള്‍, ശുചിത്വ മിഷന്‍, നെഹ്റു യുവ കേന്ദ്ര, സ്റ്റുഡന്റ്സ് യൂണിയന്‍, ക്ലീന്‍ കേരള മിഷന്‍, സ്റ്റേറ്റ് യൂത്ത് മിഷന്‍, എന്‍എസ്എസ്, എന്‍സിസി, എസ്പിസി തുടങ്ങിയ സംഘടനകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന വോളണ്ടിയര്‍മാരാണ് പദ്ധതിയ്ക്കായി പ്രവര്‍ത്തിക്കുന്നത്.
ഷ്രെഡ്ഡിംഗ് യൂണിറ്റിലെത്തിച്ച് പ്രോസസ് ചെയ്യുന്നതിനൊപ്പം സമീപപ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക്ക് അടക്കം ക്ലീന്‍ കേരള കമ്പനിയ്ക്ക് 9.845 ടണ്‍ പ്ലാസ്റ്റിക് വില്‍പ്പന നടത്തി. കിലോയ്ക്ക് 22 രൂപ എന്ന നിരക്കിലാണ് പിഡബ്ല്യുഡി, എച്ച്ഇഡി, എല്‍എസ്ജിഡി ടാറിംഗ് ജോലികള്‍ക്കായി നല്‍കിയത്. പദ്ധതിയുടെ ഭാഗമായി ആകെ 22.63 ലക്ഷം രൂപയുടെ പ്ലാസ്റ്റിക് വില്‍പ്പന നടത്തി.
590 കിലോമീറ്ററിലധികം കടല്‍ത്തീരമുള്ള സംസ്ഥാനത്ത് വ്യാവസായിക-കാര്‍ഷിക മേഖലകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം തീരമേഖലകളിലെ കടല്‍ജലത്തിലേക്കാണ് ചെന്നെത്തുന്നത്. മത്സ്യ സമ്പത്തിനും, തീരദേശത്തെ ജൈവീക ആവാസ്ഥ വ്യവസ്ഥയ്ക്കും ഒരുപോലെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യം തുടച്ചു നീക്കുക ലക്ഷ്യമിട്ടാണ് ‘ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി’ ആവിഷ്‌കരിച്ചിട്ടുള്ളത്.