This year's Hajj camps conclude

കേരളത്തിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകൾക്ക് സമാപനമായി. കേരളത്തിൽ നിന്ന് ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിനു മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് തീർത്ഥാടകർ പുറപ്പെട്ടത്. ഇത് യാത്രക്കാർക്ക് ഏറെ സൗകര്യമായി. മൂന്ന് കേന്ദ്രങ്ങളിൽ നിന്നായി തീർത്ഥാടനത്തിനു പുറപ്പെട്ടവരുടെ എണ്ണം 11556 ആണ്. വിവിധ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 304 തീർത്ഥാടകരും കേരളം വഴിയാണ് പുറപ്പെട്ടത്.
ഏറ്റവും കൂടുതൽ തീർത്ഥാടകർ പുറപ്പെട്ടത് കരിപ്പൂരിൽ നിന്നാണ്- 7045. ഇതിൽ 4370 പേർ സ്ത്രീകളാണ്. കരിപ്പൂരിൽ നിന്ന് 49 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലായി (അഞ്ച് അധിക വിമാനം ഉൾപ്പടെ) 7045 ഉം കണ്ണൂരിൽ നിന്ന് 14 വിമാനങ്ങളിലായി (ഒരു അധിക വിമാനം ഉൾപ്പടെ) 2030 ഉം കൊച്ചിയിൽ നിന്ന് ആറ് സഊദി എയർലൈൻസ് വിമാനങ്ങളിലായി 2481 ഉം തീർത്ഥാടകരാണ് പുറപ്പെട്ടത്. ആകെ 69 വിമാനങ്ങളാണ് ഈ വർഷം സർവീസ് നടത്തുന്നത്.

ഹജ്ജ് പോളിസി പുതുക്കുന്ന സമയത്ത്, തീർത്ഥാടകരുടെ സൗകര്യം മുൻനിർത്തി സംസ്ഥാനം സമർപ്പിച്ച 80 ശതമാനം ശുപാർശകളും പുതിയ പോളിസിയിൽ ഉൾപ്പെടുത്തി എന്നത് പ്രധാനമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ചത്. ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷരുള്ള സംസ്ഥാനമെന്ന നിലയ്ക്ക് മൂന്ന് കേന്ദ്രം ഏറെ ഉപകാരപ്പെട്ടു.

മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് ക്യാമ്പുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. സംസ്ഥാനത്തു
നിന്നും ഹജ്ജിനു പുറപ്പെടുന്നവരിൽ സ്ത്രീകളുടെ എണ്ണം വർഷം തോറും വർദ്ധിച്ചു വരികയാണ്. ഇത് മനസ്സിലാക്കി 2019 ൽ കരിപ്പൂരിൽ വനിതാ തീർത്ഥാടകർക്കായി നിർമ്മാണം ആരംഭിച്ച ബ്ലോക്ക് ഈ വർഷത്തെ ആദ്യ ഹജ്ജ് യാത്രക്കു മുന്നേ പൂർണ്ണസജ്ജമാക്കി. ശീതീകരിച്ച മുറികൾ, വെയ്റ്റിങ്ങ് ലോഞ്ച്, ഫുഡ് കോർട്ട്, വിശാലമായ സാനിറ്റേഷൻ സൗകര്യങ്ങൾ തുടങ്ങി ഒട്ടേറെ സംവിധാനങ്ങൾ ഇവിടെയുണ്ട്.
തീർത്ഥാടകർക്ക് സൗദിയിൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്താനായി പ്രത്യേക നോഡൽ ഓഫീസറെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴിലായി ജാഫർ മാലിക് ഐ.എ.എസാണ് ഈ ചുമതലയിലുള്ളത്.