ലാലൂർ സ്റ്റേഡിയം നാലുമാസത്തിനകം; അവലോകനത്തിന് പ്രത്യേക സമിതി
ലാലൂരിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സിൻ്റെ ഭാഗമായ ഇൻഡോർ സ്റ്റേഡിയം നിർമാണം വേഗത്തിലാക്കാൻ തീരുമാനം. സിവിൽ വർക്കുകൾ നാലു മാസത്തിനകം പൂർത്തീകരിക്കാൻ നിർമാണ ഏജൻസിയായ കിറ്റ്കോയ്ക്ക് കായിക വകുപ്പ് നിർദേശം നൽകി.
56.01 കോടിയുടെ ആദ്യഘട്ട നിർമാണത്തിനാണ് കിഫ്ബി അനുമതിയായത്. ഇൻഡോർ സ്‌റ്റേഡിയവും ഗതാഗത സൗകര്യങ്ങളും അടങ്ങുന്നതാണ് ഒന്നാം ഘട്ടം. പാർക്കിംഗ് ഏരിയ, ശുചിമുറികൾ, പാത്ത് വേ തുടങ്ങിയവയുടെ നിർമാണം അടിയന്തരമായി ആരംഭിക്കണം. നിർമാണത്തിന് തടസ്സമായ മണ്ണും മറ്റു വസ്തുക്കളും 5 ദിവസത്തിനകം നീക്കം ചെയ്യാമെന്ന് കോർപറേഷൻ മേയർ എം കെ വർഗീസ് അറിയിച്ചു. മഴ മാറിയാലുടൻ ബയോമൈനിംഗിന് വേണ്ട നടപടിയെടുക്കും. അപ്രോച്ച് റോഡ് നിർമാണത്തിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നടപടിയും കോർപ്പറേഷൻ സ്വീകരിക്കും. കോർപറേഷൻ്റെ ഭാഗത്തുനിന്ന് ചെയ്തു തരേണ്ട ഏതു കാര്യവും ആവശ്യപ്പെട്ടാലുടൻ ചെയ്യാൻ തയ്യാറാണെന്നും മേയർ അറിയിച്ചു.
ഒക്ടോബർ പകുതിയോടെ പ്രവൃത്തികൾ പൂർത്തിയാക്കണം. ഇതിനായി പ്രവർത്തന ഷെഡ്യൂൾ തയ്യാറാക്കാൻ കിറ്റ്കോയ്ക്ക് നിർദേശം നൽകി. സബ് കലക്ടർ, കിറ്റ്കോ സ്പെസിഫിക് എൻജിനിയർ, കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, സ്പോർട്സ് കൗൺസിൽ ചീഫ് എൻജിനീയർ, വാർഡ് കൗൺസിലർ എന്നിവരടങ്ങിയ സമിതി എല്ലാ ആഴ്ചയും നിർമാണ പുരോഗതി വിലയിരുത്തും. എംഎൽഎ, മേയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ആദ്യ യോഗം ജൂലൈ 18ന് സബ് കലക്ടറുടെ ചേംബറിൽ ചേരുന്നതിന് തീരുമാനിച്ചു. അപ്രോച്ച് റോഡ് നിർമാണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.