സ്‌പോട്‌സ് ക്വാട്ട: കളി നിർത്തിയവരെ റഗുലർ ഒഴിവിൽ നിയമിക്കും
സ്‌പോട്‌സ് ക്വാട്ടയിൽ സർക്കാർ ജോലി നൽകുന്ന പദ്ധതി പ്രകാരം, ആക്‌റ്റിവ് സ്‌പോട്‌സിൽ നിന്ന് വിരമിക്കുന്നവരെ റഗുലർ തസ്‌തികയിൽ തന്നെ നിയമിക്കണമെന്ന് ഉത്തരവ്. റഗുലർ ഒഴിവില്ലെങ്കിൽ താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ച് നിയമിക്കണമെന്നും സ്ഥിര നിയമനം ലഭിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്കു നൽകണമെന്നും പൊതുഭരണ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇതോടെ സ്‌പോട്‌സ് ക്വാട്ട നിയമനം ലഭിക്കുന്നവരുടെ വലിയൊരു പരാതിക്കാണ് പരിഹാരമായത്. നേരത്തേ ആക്‌റ്റിവ് സ്‌പോട്‌സിൽ നിന്ന് വിരമിക്കുന്നവർ റഗുലർ ഒഴിവില്ലെങ്കിൽ സൂപ്പർ ന്യൂമററി തസ്‌തികയിൽ തുടരുന്ന സ്ഥിതിയായിരുന്നു. സീനിയോറിറ്റിയും ആനുകൂല്യങ്ങളും നഷ്‌ടമാകാൻ ഇതിടയാക്കി.
ആക്‌റ്റിവ് സ്‌പോട്‌സിൽ തുടരുന്ന കായികതാരങ്ങളെ സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ച് നിയമിക്കണം. നിയമനം ലഭിച്ച ശേഷം ആക്‌റ്റിവ് സ്‌പോട്‌സിൽ നിന്ന് വിരമിക്കുന്ന ദിവസം മുതൽ റഗുലർ ഒഴിവിലേക്കോ ഇല്ലെങ്കിൽ താൽക്കാലിക ഒഴിവിലേക്കോ മാറ്റേണ്ടതാണ്. താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ച് നിയമിക്കുന്നവരെ റഗുലർ ഒഴിവുണ്ടാകുന്ന മുറയ്‌ക്ക് അതിലേക്ക് മാറ്റുകയും വേണം. ഈ അവസരത്തിൽ പ്രസ്‌തുത താൽക്കാലിക തസ്‌തിക ഇല്ലാതാക്കണം.
സ്‌പോട്‌സ് ക്വാട്ട വഴി നടത്തുന്ന ഇത്തരം നിയമനങ്ങൾ റഗുലർ നിയമനത്തിന് സമാനമായി കണക്കാക്കും. സൂപ്പർ ന്യൂമററി അല്ലാതെ സ്‌പോട്‌സ് ക്വാട്ട വഴി നിയമനം ലഭിച്ചിട്ടുള്ളവരുടെ സീനിയോറിറ്റി ഇവർ സർവീസിൽ പ്രവേശിച്ച തിയതി മുതൽ തന്നെ ആരംഭിക്കും. ഈ തിയതിയ്‌ക്ക് ശേഷം അഡ്വൈസ് തിയതിയുള്ള പി എസ് സി നിയമിതർ സ്‌പോട്‌സ് ക്വാട്ട നിയമിതരുടെ ജൂനിയർ ആയിരിക്കും.
കായികതാരങ്ങൾ ജോലി ചെയ്യുന്ന അതത് ഭരണ വകുപ്പുകൾ തന്നെയാണ് ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.