കായിക നയം
കളി എന്നത് കേവലം വിനോദത്തിനപ്പുറം അതീവഗൗരവമുള്ള ഒരു വിഷയമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കായികപ്രവർത്തനങ്ങളും ശാരീരികക്ഷമതാ പ്രവർത്തനങ്ങളും ഒരു നിലവാരമുള്ള സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളമായാണ് കണക്കാക്കപ്പെടുന്നത്. മത്സരങ്ങളും മെഡലുകളും എന്നതിനപ്പുറം കായികപ്രവർത്തനങ്ങൾ മുഴുവൻ ജനങ്ങളും ഏർപ്പെടേണ്ട ഒന്നാണെന്ന് ലോകം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.
ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ, രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തിൽ കേരള കായികരംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് സമ്പൂർണ കായിക നയം രൂപപ്പെടുത്തിയത്, രാജ്യത്ത് ആദ്യമായി സമ്പൂർണ കായിക നയം രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി. കായിക മികവിലേക്ക് കേരളത്തെ എത്തിക്കുന്നതിനൊപ്പം കായികസമൂഹത്തിന് മാത്രമല്ല പൊതുസമൂഹത്തിന് ഒന്നാകെ കായിക മേഖലയോടുള്ള സമീപനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനുതകുന്ന തരത്തിലും കൂടിയാണ് കായിക നയം തയ്യാറാക്കിയത്. കാലാനുസൃതവും ഭാവി സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ പര്യാപ്തവുമായ ദീർഘവീക്ഷണത്തോടെയുള്ള ഒരു നയമാണ് രൂപീകരിച്ചിട്ടുള്ളത്.
ക്രിയാത്മക ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് നയം തയ്യാറാക്കിയത്. കായികമേഖലയെ പൂർണമായും പുതിയ തലത്തിലേക്ക് ഉയർത്താൻ കഴിയുന്ന നിർദ്ദേശങ്ങളാണ് നയം മുന്നോട്ടു വെക്കുന്നത്. പൊതുജനാരോഗ്യവും കായികക്ഷമതയും ഉറപ്പുവരുത്തുന്ന നവകായിക കേരള സൃഷ്ടിയാണ് അടിസ്ഥാനപരമായി നയം ഉദേശിക്കുന്നത്. എല്ലാവർക്കും സ്‌പോട്‌സ് എല്ലാവർക്കും ആരോഗ്യം എന്നതാണ് നയത്തിന്റെ അടിസ്ഥാന തത്വം. അതിന് കായിക-ശാരീരിക ക്ഷമത പ്രവർത്തനങ്ങൾ ഓരോ പൗരന്റെയും അവകാശമാക്കുക എന്ന സവിശേഷ നിർദ്ദേശം നയം മുന്നോട്ടുവെക്കുന്നുണ്ട്.
പ്രായ, ലിംഗ, പ്രാദേശിക, തൊഴിൽ ഭേദമോ സാമ്പത്തിക പരിഗണനകളോ ഇല്ലാതെ എല്ലാവർക്കും പങ്കാളിത്തമുള്ളതാകണം സ്‌പോർട്‌സ് എന്നതാണ് നയത്തിന്റെ പ്രധാന പരിഗണന. കമ്മ്യൂണിറ്റി സ്‌പോട്‌സ് എന്ന ആശയം നടപ്പാക്കുന്നതിലൂടെ മുഴുവൻ ജനങ്ങളുടെയും വെൽനസ് സാധ്യമാകും. അതിനായി ഫിസിക്കൽ ആക്ടിവിറ്റികളും കായികമത്സരങ്ങളും പ്രചരിപ്പിക്കാൻ നയം നിർദ്ദേശിക്കുന്നു. ഫിസിക്കൽ ലിറ്ററസി പ്രായഭേദമന്യേ എല്ലാവർക്കും ലഭ്യമാക്കും. നയത്തിന്റെ ലക്ഷ്യങ്ങൾ സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തിക്കാൻ ഒരു വികേന്ദ്രീകൃത പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചായത്ത്/ മുനിസിപ്പൽ സ്‌പോർട്‌സ് കൗൺസിൽ രൂപീകരണം ഈ ലക്ഷ്യത്തോടെയാണ്. കൂടാതെ, പ്രൊജക്ട് 1000′-എന്ന പദ്ധതിയിലൂടെ ഒരു തദേശ സ്വയംഭരണ സ്ഥാപനം ഒരു കായിക പദ്ധതിയെങ്കിലും നടപ്പാക്കുക എന്നതും ഉറപ്പുവരുത്തുന്നു.
പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും നയം മുൻതൂക്കം നൽകുന്നു. ശാസ്ത്രീയമായ സെലക്ഷനും പരിശീലനരീതികളും വഴി ലോക നിലവാരമുള്ള താരങ്ങളെ വളർത്തിയെടുക്കാനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്.
സ്‌കൂൾ തല സ്‌പോട്‌സിന്റെ പ്രാധാന്യം വ്യക്തമാക്കുകയും പ്രൈമറി തലം മുതൽ സ്‌പോട്‌സ് നിർബന്ധമാക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുകയും ചെയ്യുന്നു. കായിക പാഠ്യപദ്ധതി നിലവിൽ വരുന്നതോടെ കൃത്യമായ ഒരു കായിക അടിത്തറ രൂപപ്പെടുകയും അത് വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിലും ആരോഗ്യപരമായ ജീവിതശൈലിയിലും തൊഴിൽ തിരഞ്ഞെടുപ്പിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യും.
കായിക സമ്പദ്ഘടന വികസിപ്പിക്കുക എന്നതാണ് പുതിയ കായികനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയിൽ ആദ്യമായാണ് കായികമേഖലയെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുവാനുള്ള ഒരു ശ്രമം ഉണ്ടാകുന്നത്. കായിക രംഗത്ത് ശക്തമായ സാന്നിദ്ധ്യം ഉറപ്പുവരുത്തിയ വികസിത രാജ്യങ്ങൾ കായികമേഖലയെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. കായിക താരങ്ങൾക്കും കായികാനുബന്ധ വ്യവസായങ്ങൾക്കും സമൂഹത്തിനും മൊത്തത്തിൽ പ്രയോജനം ചെയ്യുന്ന ഒരു സുസ്ഥിര കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കാനും കായിക രംഗത്തെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ പുതിയ കാൽവെപ്പ് ലക്ഷ്യമിടുന്നു. മറ്റു മേഖലകളുമായും വിഭാഗങ്ങളുമായും സാധ്യമാകുന്ന തലങ്ങളിൽ കായികരംഗത്തെ സംയോജിപ്പിക്കുന്നതിലൂടെ, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കൂടാതെ കായിക വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങൾ നല്കാനും കായികാനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ ചട്ടക്കൂട് ഊന്നൽ നല്കുന്നു.
നമ്മുടെ കായിക അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി കായികതാരങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ഈ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയണം. ഒപ്പം, പൊതുജന ആരോഗ്യസംരക്ഷണത്തിന് ഇവ ഫലപ്രദമായി ഉപയോഗിക്കാനാകണമെന്നും നിഷ്‌കർഷിക്കുന്നു. കായികരംഗത്തെ പുതിയ സാങ്കേതികവിദ്യകളും ഗവേഷണങ്ങളും നൂതനാശയങ്ങളും നമ്മളും സ്വീകരിക്കണമെന്നും കായിക വിനോദ വ്യവസായ സാധ്യതകളും പ്രയോജനപ്പെടുത്തണം. സ്‌പോട്‌സ് ടെക്‌നോളജി, സ്‌പോട്‌സ് മാനേജ്‌മെന്റ്, സ്‌പോട്‌സ് സയൻസ് രംഗങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകും. അതിലൂടെ ഈ രംഗങ്ങളിൽ നമുക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ഇവിടെ തന്നെ സൃഷ്ടിക്കും.
കായികമേഖലയിലെ ലോകത്തെ മികച്ച മാതൃകകൾ പഠിക്കാനും പ്രയോഗത്തിൽ വരുത്താനുമുള്ള പ്രതിജ്ഞാബദ്ധത നയത്തിന്റെ കാഴ്ചപ്പാടിൽ ഊന്നിപ്പറയുന്നുണ്ട്. സ്വകാര്യ സംരംഭകർ, സഹകരണമേഖല, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തിലൂടെ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പാക്കണം. കായികകോൽപ്പന്ന നിർമ്മാണത്തിലും സാങ്കേതികവിദ്യയിലും സംസ്ഥാനം സ്വയംപര്യാപ്തമാകണം. കായികമേഖലയിലെ സ്റ്റാർട്ട് അപ്പുകളെയും നവസംരംഭകരെയും പരമാവധി പ്രോത്സാഹിപ്പിക്കും. എൻ ജി ഒകൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവരെയും കായികമേഖലയിൽ കൂടുതലായി ഇടപെടാൻ പ്രേരിപ്പിക്കുന്നുണ്ട്.
വലിയതോതിൽ തൊഴിൽ നൽകുന്ന ഒന്നായി കായികമേഖലയെ വളർത്തും. ഈ രംഗത്തെ തൊഴിലവസരങ്ങളിൽ അടുത്ത 5 വർഷത്തിനകം 100 ശതമാനം വളർച്ച നേടാനും ലക്ഷ്യമിടുന്നു. ഒരു വർഷത്തിനകം ഏകദേശം പതിനായിരം തൊഴിൽ സൃഷ്ടിക്കാമെന്നാണ് കണക്കാക്കുന്നത്. യുവജനങ്ങൾക്കിടയിൽ സ്‌പോട്‌സ് കൂടുതൽ പോപ്പുലറാക്കുകയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വളർന്നുവരുന്ന ഇ സ്‌പോർട്‌സ് മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും മുന്നോട്ടുവെക്കുന്നുണ്ട്.
ഇത്തരത്തിൽ സമഗ്രമായ സമീപനം കേരളത്തെ ഒരു പ്രധാന കായിക ശക്തിയായി സ്ഥാപിക്കുക മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാക്കി മാറ്റുകയും ചെയ്യുന്നു, ഇത് കായിക സമ്പദ്‌വ്യവസ്ഥയുടെ രാജ്യവ്യാപകമായ പരിവർത്തനത്തിന് ഉത്തേജനമാകും. ഈ കായികനയം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ ആരോഗ്യവും ശാരീരിക ക്ഷമതയും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു ജനത സൃഷ്ടിക്കപ്പെടും. ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന ഒന്നായി കായികമേഖല മാറും. അതോടെ ലോകത്തിന് തന്നെ അനുകരണീയമായ ഒരു കേരള കായിക മോഡൽ രൂപപ്പെടും. വിശാലമായ കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന കായികനയം നിയമസഭയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു.
കായിക നയം