ലാ ലിഗ അധികൃതരുമായി ചർച്ച നടത്തി
കേരള ഫുട്ബോളിന്റെ ഉന്നമനത്തിനുള്ള അന്താരാഷ്ട്ര സഹകരണം ലക്ഷ്യമിട്ട് ലോകത്തെ ഒന്നാംകിട ക്ലബ് ഫുട്ബോൾ ലീഗായ സ്പെയ്നിലെ ലാ ലിഗയുടെ അധികൃരുമായി കൂടിക്കാഴ്ച നടത്തി. ഫുട്ബോൾ പരിശീലനം, കായികാനുബന്ധ കോഴ്സുകൾ തുടങ്ങിയ വിഷയങ്ങളിലെ സഹകരണ സാധ്യതകൾ ചർച്ചയിൽ ഉയർന്നു. കഴിഞ്ഞ ദിവസം അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഉന്നതരുമായും ചർച്ച നടത്തിയിരുന്നു.
അന്താരാഷ്ട്ര തലത്തിൽ സ്പെയ്ൻ നടത്തുന്ന ഫുട്ബോൾ വികസന പ്രവർത്തനങ്ങളും ഇന്ത്യ കേന്ദ്രീകരിച്ചുള്ള പദ്ധതികളും വിശദമായി പരാമർശിക്കപ്പെട്ടു. കേരളത്തിലെ ഫുട്ബോൾ സംവിധാനങ്ങളിലും ലീഗുകളിലും പ്രതീക്ഷ പുലർത്തുന്നതായി ലാ ലിഗ അധികൃതർ വ്യക്തമാക്കി.
നിലവാരമുള്ള ഫുട്ബോൾ ഇക്കോസിസ്റ്റം വളർത്തുന്നതിലൂടെ കേരളത്തിന്റെ കായികനയത്തിലെ പ്രധാന ഘടകമായ കായിക സമ്പദ്വ്യവസ്ഥയിൽ ലാ ലിഗയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രാഥമിക ധാരണകളും ഉണ്ടായി. ലാ ലീഗയുടെ സ്പോർട്സ് മാനേജ്മന്റ് പ്രാവീണ്യം ഉപയോഗപ്പെടുത്തി കേരളത്തിൽ കായികാധിഷ്ഠിത ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നതിന്റെ സാധ്യതകളും പരിശോധിച്ചു. കേരളത്തിൽ ഉടൻ ആരംഭിക്കുന്ന കോളേജ് ലീഗിനെ ലാ ലിഗ വൃത്തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു.