കായികവകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സേയെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശ യാത്ര മെയ് 14 ന് തിരുവനന്തപുരത്തു നിന്ന് പുനരാരംഭിച്ചു. അതിർത്തിയിൽ സംഘർഷം ശക്തമായിരുന്ന സാഹചര്യത്തിൽ യാത്ര താൽക്കാലികമായി നിർത്തി വെച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ സംഘർഷാവസ്ഥ അയഞ്ഞതോടെ സർക്കാർ പരിപാടികൾ തുടരാൻ തീരുമാനം എടുത്ത സാഹചര്യത്തിലാണ് യാത്ര വീണ്ടും പ്രയാണം തുടങ്ങുന്നത്.
കുട്ടികളെയും യുവജനങ്ങളെയും മാത്രമല്ല, മുഴുവൻ ജനങ്ങളെയും കളിക്കളങ്ങളിൽ എത്തിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം. മെയ് 5 ന് കാസർക്കോട് നിന്നാരംഭിച്ച യാത്ര വലിയ ജനപങ്കാളിത്തത്തോടെ 5 ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയിരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ജനപ്രതിനിധികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, കായി സംഘടനകൾ, കായിക ക്ലബുകൾ, കായിക നക്കാദമികൾ, വ്യാപാരി സമൂഹം, വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ യാത്രയിലും ബന്ധപ്പെട്ട പരിപാടികളിലും അണിനിരന്നു. യാത്രാ കേന്രങ്ങളിൽ അവതരിപ്പിച്ച വിവിധ പരിപാടികൾ കാണികളെ ആകർഷിച്ചു. കളിയുപകരണങ്ങളുടെ വിതരണവും കളിക്കളങ്ങൾ വീണ്ടെടുക്കലും ഓരോ വേദിയിലും വലിയ ആവേശമുയർത്തി.
തിരുവനന്തപുരത്തു നിന്ന് 14 ന് ആരംഭിച്ച യാത്ര 24 ന് മലപ്പുറത്താണ് സമാപിക്കുക. അയ്യായിരത്തിലധികം പേർ പങ്കെടുക്കുന്ന കൂട്ടയോട്ടത്തോടെയാണ് സമാപനം.
ലഹരിക്കെതിരായ പോരാട്ടത്തിൽ വലിയ ചർച്ചയായ യാത്രയ്ക്ക് അടുത്ത 9 ജില്ലകളിലും മികച്ച പ്രതികരണം ഉറപ്പാണ്. എല്ലാവരും സഹകരിച്ചാൽ ലഹരിയെന്ന മഹാവിപത്തിനെ നമുക്ക് അകറ്റാൻ കഴിയും. നന്മയിലേക്കുള്ള പോരാട്ടത്തിനായി, ലഹരിമരുന്ന് മുക്തമായ കേരളത്തിനായി നമുക്ക് കൈ കോർക്കാം.
യാത്രാ റൂട്ട്:
മെയ് 14: തിരുവനന്തപുരം.
15: കൊല്ലം
16: പത്തനംതിട്ട
17: ആലപ്പുഴ
19: കോട്ടയം
21: ഇടുക്കി
22: എറണാകുളം
23: തൃശൂർ
24: മലപ്പുറം (സമാപനം).