ഫിറ്റ്നസ് ബസുകൾ പര്യടനം തുടങ്ങി
സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആൻഡ് ആൻഡി ഡ്രഗ് അവയർനെസ് ക്യാംപെയ്ന് തുടക്കമായി. ക്യാംപെയ്ന്റെ ഭാഗമായുള്ള ഫിറ്റ്നസ് ബസുകളുടെ പര്യടനം ആരംഭിച്ചു.
വിദ്യാർഥികളുടെ ആരോഗ്യവും കായിക ക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ൻ. തിരുവനന്തപുരം വലിയതുറ ജിആർഎഫ്ടി ആൻഡ് വിഎച്ച്എസ്എസിലാണ് ഫിറ്റ്നസ് ബസ് ആദ്യം എത്തിയത്. അഞ്ചു റൂട്ടുകളിലായി അഞ്ചു ഫിറ്റ്നസ് ബസുകൾ 14 ജില്ലകളിലും പര്യടനം നടത്തും. റൂട്ട് ഒന്നിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പര്യടനം മാർച്ച് രണ്ടുവരെ തുടരും. റൂട്ട് രണ്ടിൽ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റൂട്ട് രണ്ടിന്റെ പര്യടനം ഈ മാസം 27നാരംഭിച്ച് മാർച്ച് അഞ്ചിനു സമാപിക്കും. ഈ മാസം 27 ന് ആരംഭിക്കുന്ന റൂട്ട് മൂന്നിന്റെ പര്യടനം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ പിന്നിട്ട് മാർച്ച് മൂന്നിനു സമാപിക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റൂട്ട് നാല്്. ഈ മാസം 27ന് കോഴിക്കോട് നിന്നാരംഭിച്ച് മാർച്ച് ആറിനു കാസർഗോഡ് സമാപിക്കും. മലപ്പുറം, വയനാട് ജില്ലകൾക്കു വേണ്ടിയുള്ള റൂട്ട് അഞ്ചിൽ 27ന് മലപ്പുറത്തു നിന്നു പുറപ്പെട്ട് മാർച്ച് ഒൻപതിന് വയനാട്ടിൽ സമാപിക്കും.
കായികം, പൊതു വിദ്യാഭ്യാസം, ഫിഷറീസ്, പട്ടികജാതി-പട്ടിക വർഗ്ഗ വികസന വകുപ്പുകൾക്കു കീഴിൽ വരുന്ന സ്കൂളുകളിലാണ് ഫിറ്റ്നസ് ബസുകളെത്തുക. ആറു മുതൽ 12വരെയുള്ള ക്ലാസുകളിൽ നിന്നായി 12നും 17നും ഇടയിൽ പ്രായമുള്ള പതിനായിരം കുട്ടികളായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കൾ. ഒരു ബസിൽ 200 കുട്ടികൾ എന്ന രീതിയിൽ പ്രതിദിനം ആയിരം കൂട്ടികളുടെ കായികക്ഷമതാ പരിശോധന നടത്തും. ശാരീരിക ശേഷി പരിശോധിക്കാനുള്ള യോയോ ടെസ്റ്റ്, പ്ലാങ്ക്, സ്കൗട്ട്, മെഡിസിൻ ബോൾ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആൻഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകൾ തുടങ്ങിയ പരിശോധനകളാണ് നടത്തുക. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശോധനകളിലൂടെ സാധിക്കും. ഒപ്പം ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കും. പരിശോധനയിലൂടെ ഫിറ്റ്നസ് ലെവൽ തിരിച്ചറിയാനും അതുവഴി കായിക മികവുള്ള കുട്ടികളെ കണ്ടെത്താനും ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കാവശ്യമായ പരിശീലന പ്രോട്ടോക്കോൾ രൂപകൽപന ചെയ്യാനും സാധിക്കും.