Volunteer registration has started

ശുചിത്വസാഗരം സുന്ദര തീരം:വോളന്റിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കടലിനെയും കടല്‍ത്തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിന് ആരംഭിച്ച ശുചിത്വസാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിന്റെ ലോഞ്ചിങ്ങും വോളന്റിയര്‍ രജിസ്‌ട്രേഷനും ആരംഭിച്ചു.

കടല്‍ത്തീരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുന്ന വിപുലമായ ഏകദിന ശുചിത്വയജ്ഞത്തിനായാണ് വോളന്റിയര്‍മാരെ സംഘടിപ്പിക്കുന്നത്. സെപതംബർ എട്ടിനാണ്‌ ശുചിത്വയജ്ഞം നിശ്‌ചയിച്ചിരിക്കുന്നത്‌. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.

രജിസ്റ്റര്‍ ചെയ്യുന്ന വളന്റിയര്‍മാരെ ചേര്‍ത്ത് കേരള കടല്‍ത്തീരത്തെ ഓരോ 1 കിലോ മീറ്ററിലും ഒരു ആക്ഷന്‍ഗ്രൂപ്പ് വീതം രൂപീകരിക്കും. ഓരോ ആക്ഷന്‍ഗ്രൂപ്പിലും 25 പേര്‍ അംഗങ്ങളാകും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം സന്നദ്ധസേനയില്‍ അംഗമാകാം. volunteers.fisheries.kerala.gov.in എന്ന പോര്‍ട്ടലിലാണ് രജ്‌സറ്റര്‍ ചെയ്യേണ്ടത്. സന്നദ്ധസേന രജിസ്‌ട്രേഷനില്‍ പങ്കാളികളാവാൻ കൂടുതൽ പേർ മുന്നോട്ടുവരികയും പരിപാടിയ്‌ക്ക്‌ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകുകയും ചെയ്യണം.

ഈ ആക്ഷന്‍ഗ്രൂപ്പുകള്‍ നിശ്ചിത ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ കടല്‍ത്തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. ഈ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ്മസേനകൾ വഴി ക്ലീന്‍ കേരളയ്ക്ക് കൈമാറും.
ശുചിത്വയജ്ഞത്തിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. കടല്‍ത്തീരത്തെ സുരക്ഷിതമായി കാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിനായി സെമിനാറുകള്‍, റാലികള്‍, കലാ- സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടത്തും.