Synthetic track construction started at Pariyaram Medical College and Kundamkulam GMBHS.

പരിയാരം മെഡിക്കല്‍ കോളേജിലും കുന്ദംകുളം ജി എം ബി എച്ച് എസിലും സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം ആരംഭിച്ചു.
ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 400 മീറ്റര്‍ ട്രാക്ക് ഒരുക്കുന്നത്. സിന്തറ്റിക് ട്രാക്കിനൊപ്പം ലോങ്ങ്ജമ്പ് ട്രാക്ക്, ത്രോ ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ഗാലറി, ചെയ്ഞ്ച് റൂം, ടോയ്‌ലറ്റ് സൗകര്യം എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. ഇതോടെ ഈ മേഖലയിലെ അത്‌ലറ്റുകള്‍ക്ക് സിന്തറ്റിക് ട്രാക്കില്‍ പരിശീലിക്കാന്‍ അവസരം ലഭിക്കും.
രണ്ട് ട്രാക്കിനും 7 കോടി രൂപ വീതം ഖേലോ ഇന്ത്യ അനുവദിച്ചിട്ടുണ്ട്. കായിക വകുപ്പ് ഖേലോ ഇന്ത്യയ്ക്ക് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നു. സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ മൈതാനങ്ങളും ഒരുക്കുന്നതിനുള്ള കൂടുതല്‍ പദ്ധതികള്‍ ഖേലോ ഇന്ത്യയ്ക്ക് സമര്‍പ്പിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
പുതിയ സ്‌പോട്‌സ് ഡിവിഷന്‍ ആരംഭിക്കുന്ന കുന്ദംകുളം സ്‌കൂളില്‍ 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഫുട്‌ബോള്‍ ഗ്രൗണ്ട് 2020 സെപ്തംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
കായികവകുപ്പിന്റെ സ്‌പോട്‌സ് മെഡിസിന്‍ സെന്റര്‍ ഇവിടെ തുടങ്ങാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കുന്ദംകുളം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കായികവിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഉടന്‍ പൂര്‍ത്തിയാകും. സിന്തറ്റിക് ട്രാക്ക് കൂടി വരുന്നതോടെ സ്‌പോട്‌സ് ഡിവിഷന്‍ പ്രവര്‍ത്തനം സജീവമാകും.