കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തുന്നു. ട്വൻറി 20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ബി.സി.സി.ഐ പുറത്തുവിട്ടതിലാണ് കാര്യവട്ടവും ഇടം പിടിച്ചത്. ന്യൂസിലാൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് ഇന്ത്യയിൽ പര്യടനത്തിനെത്തുന്നത്.
ഫെബ്രുവരിയിൽ നടക്കുന്ന വിൻഡീസ് പര്യടനത്തിലെ മൂന്നാം ട്വൻറിക്കാണ് കാര്യവട്ടം സ്റ്റേഡിയം വേദിയാവുക. ഫെബ്രുവരി 20 ന് ആണ് മത്സരം. മൂന്ന് വീതം ഏകദിനങ്ങളും ട്വൻറി 20കളുമാണ് വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലുള്ളത്.
ഒരു ഏകദിനവും രണ്ട് ട്വൻറികളും അടക്കം ഇതുവരെ മൂന്ന് മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഒരു ഏകദിനത്തിലും ട്വൻറിയിലും വിൻഡീസ് തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. 2019 ഡിസംബർ എട്ടിന് നടന്ന ട്വൻറി 20യിൽ ഇന്ത്യയെ വിൻഡീസ് പരാജയപ്പെടുത്തിയിരുന്നു. 2018 ൽ നടന്ന ഏകദിനത്തിൽ വിൻഡീസിനെ ഇന്ത്യ ഒൻപത് വിക്കറ്റിനും 2017ൽ നടന്ന ട്വന്റി 20യിൽ ന്യൂസിലാൻഡിനെ ഇന്ത്യ ആറു റൺസിനും പരാജയപ്പെടുത്തിയിരുന്നു.