കായിക വകുപ്പിന് കീഴില്‍ അടിസ്ഥാന സൗകര്യവികസനവും അവയുടെ നടത്തിപ്പും പരിപാലനവും നിര്‍വഹിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച പൊതുമേഖലാ സ്ഥാപനം ആണ് എസ്.കെ.എഫ്.
ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നു. യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനായി ചുമതലയേറ്റു. വൈസ് ചെയര്‍പേഴ്‌സണായി കായിക വകുപ്പ് സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫ് ഐ.എ.എസിനെയും, കായിക-യുവജനകാര്യ ഡയറക്ടര്‍ ജെറോമിക് ജോർജ് ഐ.എ.എസിനെയും മാനേജിങ്ങ് ഡയറക്ടറായും തെരഞ്ഞെടുത്തു. ഡയറക്ടര്‍മാരെ പിന്നീട് നിശ്ചയിക്കും.
പൂര്‍ണമായും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ളതാണ് കമ്പനി. നിലവില്‍, തിരുവനന്തപുരം വെള്ളയമ്പലത്തെ കായിക-യുവജനകാര്യ ഡയറക്ടറേറ്റിലാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. കിഫ്ബി സഹായത്തോടെ കായികവകുപ്പിന് കീഴില്‍ നടക്കുന്ന പ്രവൃത്തികളുടെ പരിപാലന ചുമതലയും കമ്പനിക്കാണ്.
വട്ടിയൂർക്കാവ് ഷൂട്ടിങ്ങ് റേഞ്ച്, വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ്ജ് സ്‌പോട്‌സ് ഹബ്, കുമാരപുരത്തെ ടെന്നിസ് അക്കാദമി എന്നിവയുടെ നടത്തിപ്പും പരിപാലനവും, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ ഫിറ്റ്‌നസ് സെന്റര്‍ എന്നിവയുടെ നടത്തിപ്പും പരിപാലനവും കമ്പനിക്ക് കൈമാറി. കായിക- യുവജനകാര്യ ഡയറക്ടറേറ്റിന് കീഴിലുള്ള ജി.വി രാജ സ്‌പോട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍, തൃശൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലെ കായികസംവിധാനങ്ങളുടെ നടത്തിപ്പും പരിപാലനവും കമ്പനിക്കായിരിക്കും.
മത്സരങ്ങളുടെ നടത്തിപ്പ്, കായിക പരിശീലന സൗകര്യങ്ങള്‍ ഒരുക്കല്‍, കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വിദഗ്ധ പരിശീലനം, പൊതുജനങ്ങള്‍ക്ക് ഫിസിക്കല്‍ ഫിറ്റ്‌നസ് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ദൗത്യങ്ങളും എസ്.കെ.എഫ് നിര്‍വഹിക്കും.